കോഴിക്കോട്: രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ പോലും ബിജെപിയുടെ കൈയ്യിലാണെന്ന് ജിഗ്‌നേഷ് മേവാനി.പൗരത്വ നിയമ വിഷയത്തില്‍ സുപ്രീം കോടതിയില്‍ പോകൂ എന്ന് സര്‍ക്കാര്‍ പറയുന്നത് അവിടെ കാര്യങ്ങള്‍ മാനേജ് ചെയ്യാനാകുമെന്ന ആത്മവിശ്വാസം ഉള്ളത് കൊണ്ടാണെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി നാണമില്ലാതെ കള്ളം പറയുകയാണ്. തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നതില്‍ എന്ത് ആത്മാര്‍ത്ഥതയാണ് ഉള്ളതെന്ന് ജിഗ്‌നേഷ് മേവാനി ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം സിവില്‍ നിയമലംഘന സമരങ്ങള്‍ നടക്കണമെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു.
കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനെയും ജിഗ്‌നേഷ് മേവാനി വിമര്‍ശിച്ചു. കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ തന്റെ പദവിക്ക് ചേരാത്ത രീതിയിലാണ് പെരുമാറുന്നതെന്ന് ജിഗ്‌നേഷ് മേവാനി പറഞ്ഞു. സിറിയയിലേതുപോലുള്ള കലാപ സാഹചര്യമാണ് ഉത്തര്‍പ്രദേശിലുള്ളതെന്നും പോലീസ് നരനായാട്ട് നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post