ലഭിച്ച ബഹുമതികളെല്ലാം തിരിച്ചെടുത്താലും പ്രശ്‌നമില്ല, പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുക തന്നെ ചെയ്യും, അതിന്റെ പേരില്‍ തന്നെ ക്രിമിനല്‍ എന്ന് വിളിച്ചാലും പ്രശ്‌നമില്ല; ഇര്‍ഫാന്‍ ഹബീബ്

കണ്ണൂര്‍: എന്തുവന്നാലും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കാന്‍ തയ്യാറല്ലെന്നും അതിന്റെ പേരില്‍ തനിക്കു ലഭിച്ച ബഹുമതികളെല്ലാം തിരിച്ചെടുത്താലും പ്രശ്‌നമില്ലെന്നും വ്യക്തമാക്കി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. ചരിത്ര കോണ്‍ഗ്രസില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തവണ തിരുവനന്തപുരത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തത് രാഷ്ട്രപതിയായിരുന്നെന്നും അന്ന് ഉണ്ടാവാത്ത എന്ത് പ്രോട്ടോകോള്‍ പ്രശ്‌നമാണ് പ്രസിഡന്റിനേക്കാള്‍ താരതമ്യേന താഴ്ന്ന പദവിയിലുള്ള ഗവര്‍ണര്‍ക്ക് ഉണ്ടായതെന്ന് അറിയില്ലെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥനെ താന്‍ പിടിച്ചു തള്ളി എന്നാണ് അദ്ദേഹം പറയുന്നത്, 88 വയസ്സുള്ള താന്‍ എങ്ങനെയാണ് 35 വയസ്സുള്ള സുരക്ഷാ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുക. സിഎഎ പോലൊരു നിയമത്തെ എതിര്‍ക്കുന്നതു തന്നെയായിരിക്കും തന്റെ നിലപാട്, തനിക്ക് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞാലും താനൊരു ക്രിമിനല്‍ ആണെന്ന് പറഞ്ഞാലും ഒരു പ്രശ്‌നവുമില്ലെന്നും നിലപാട് മാറ്റില്ലെന്നും ഇര്‍ഫാന്‍ ഹബീബ് വ്യക്തമാക്കി.

Exit mobile version