തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ എന്തെങ്കിലും വസ്തുതയുണ്ടെന്നു കണ്ടാല്‍ ഞാന്‍ രാജിവെച്ച് വീട്ടിലേക്കുപോവുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാതൃഭൂമിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താനാണ് തീരുമാനിക്കുന്നതെങ്കില്‍ ഭരണംപോയാലും വേണ്ടില്ല, പൗരത്വനിയമഭേദഗതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താനിലെ ഹിന്ദുക്കള്‍ക്ക് മഹാത്മാഗാന്ധി നല്‍കിയ വാഗ്ദാനമാണിത്. പാകിസ്താനില്‍ ഹിന്ദുക്കള്‍ അങ്ങേയറ്റത്തെ പീഡനമാണ് നേരിടുന്നതെന്നും ഇപ്പോള്‍ തനിക്കെതിരേ നടക്കുന്ന പ്രതിഷേധങ്ങളില്‍ ഒരു ഉത്കണ്ഠയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമം നടത്തുന്നവരുടെ വികാരത്തെ മാനിക്കേണ്ടതില്ലെന്നും പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
കണ്ണൂരില്‍ തനിക്കെതിരെ പ്രതിഷേധിച്ചവര്‍ മലയാളികളല്ല. ഉത്തരേന്ത്യക്കാരാണ്. ജെഎന്‍യുവില്‍നിന്നും അലിഗഢില്‍നിന്നും വന്നവരായിരുന്നു അതില്‍ ഏറെയും. ഞാന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തെയാണു പിന്തുണച്ചത്. ഒരു പാര്‍ട്ടിയുടെയും വക്താവല്ലെന്നും അദ്ദേഹം വ്യക്തമാക്കി.