കൊച്ചി: ആരോരുമല്ലാത്ത യുവാവിന് ജീവന്റെ പാതി പകുത്തുനല്‍കിയ സീതയാണ് സോഷ്യല്‍മീഡിയയില്‍ കരുണയുടെ മുഖമാകുന്നത്. ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട് അനാഥത്വത്തില്‍ കഴിയുന്ന പാലക്കാട് കോട്ടായി സ്വദേശി ജയകൃഷ്ണന് സ്വന്തം വൃക്ക നല്‍കിയാണ് സീത നന്മയുടെ നല്ല പാഠം പകരുന്നത്.
പാലക്കാട് കോട്ടായി സ്വദേശിയാണ് ജയകൃഷ്ണന്. പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ്
വൃക്കരോഗം പിടിപെടുന്നത്. അതോടെ പഠനം മുടങ്ങി. കുട്ടിയായിരിക്കുമ്പോള്‍ അച്ഛനെയും അമ്മയെയും നഷ്ടമായ ജയകൃഷ്ണനെ പെരുങ്ങോട്ടുകുറിശ്ശിയിലെ ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ഏറ്റെടുത്തതോടെയാണ് തുടര്‍ ചികിത്സ സാധ്യമായത്. വിദഗ്ദ ചികിത്സയ്ക്കായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനകള്‍ക്കൊടുവില്‍ ഡോക്ടര്‍മാര്‍ വൃക്ക മാറ്റിവെക്കല്‍ നിര്‍ദേശിച്ചു. എന്നാല്‍ ദാതാവിനെ കണ്ടെത്താന്‍ ഏറെ അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.
ഒടുവില്‍ ദയ ചാരിറ്റബിള്‍ ട്രസ്റ്റ് അഡ്മിന് പാനല്‍ അംഗവും കോട്ടയം നിറിക്കാട് പുത്തന്‍പടിക്കല്‍ സീതാ തമ്പി (47) സ്വയം മുന്നോട്ടുവരികയായിരുന്നു. സീതയുടെ വീട്ടുകാരും ദയ ചാരിറ്റബിള്‍ ട്രസ്റ്റും ഉറച്ച പിന്തുണയുമായി ഒപ്പം നിന്നു.
23-ാം വിവാഹവാര്‍ഷികദിനമായ ഡിസംബര്‍ എട്ടിന് സീത എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തുകയും ഡിസംബര്‍ 10ന് വൃക്കദാനം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയും ചെയ്തു. ദിവസങ്ങള്‍ക്കകം അവര്‍ ആശുപത്രി വിട്ടു. ഇതിനിടയില്‍ സീത പകുത്തുനല്‍കിയ വൃക്ക ജയകൃഷ്ണനില്‍ വെച്ചുപിടിപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം ജയകൃഷ്ണന് ആശുപത്രി വിടാന്‍ ഒരുങ്ങിയപ്പോള്‍ യാത്രയാക്കാന്‍ സീതയുമെത്തി. താന്‍ ചെയ്ത കാര്യത്തില്‍ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു സീതയുടെ പ്രതികരണം. വീട്ടുകാരുടെയും ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പിന്തുണയാണ് ഇത്തരമൊരു വലിയ കാര്യം ചെയ്യാന്‍ പ്രേരകമായതെന്നും അവര്‍ പറഞ്ഞു.
കോട്ടായി ജിഎച്ച്എസ്എസിലെ പഠനം തുടരാനാണ് ജയകൃഷ്ണന് ആഗ്രഹം. പ്ലസ് വണ്‍ വിദ്യാര്‍ഥിയായി എത്രയും വേഗം സ്കൂളില്‍ മടങ്ങിയെത്തണം. എല്ലാവരും ഉപേക്ഷിച്ചപ്പോള്‍ സീത ചേച്ചിയാണ് തനിക്ക് കരുതലുമായി മുന്നോട്ടുവന്നതെന്ന് അവരോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നും ജയകൃഷ്ണന് പറഞ്ഞു.
തുടര്‍ ചികിത്സകള്‍ക്കായി കുറച്ചുദിവസം കൂടി ജയകൃഷ്ണന് എറണാകുളത്ത് തുടരും. ജയകൃഷ്ണന് വീടുവെച്ചു നല്‍കാനും ദയ ചാരിറ്റബിള്‍ ട്രസ്റ്റ് പദ്ധതിയിടുന്നുണ്ട്. രക്തബന്ധങ്ങള്‍ പോലും പരസ്പരം താങ്ങാകാന്‍ മടിയ്ക്കുന്ന കാലത്താണ് സീത, ജയകൃഷ്ണന് ജീവന് തന്നെ നല്‍കിയിരിക്കുന്നത്.
Discussion about this post