കോഴിക്കോട്: കലക്ടറേറ്റില്‍ 8 കവറുകളില്‍ അജ്ഞാത കേക്ക് കണ്ടെത്തി. കോണ്‍ഫറന്‍സ് ഹാളിന് സമീപത്തായി മേശപ്പുറത്താണ് കവറുകളില്‍ കേക്ക് കണ്ടത്. പൂവാട്ടുപറമ്പിലെ ഒരു ബേക്കറിയില്‍ നിന്നുള്ള കേക്കാണ്. എന്നാല്‍ ഇതിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
വൈകിട്ട് മൂന്നരയോടെ കലക്ടറേറ്റില്‍ പര്‍ദ ധരിച്ച ഒരു സ്ത്രീ വന്നെന്നും, ഇവര്‍ കേക്ക് കവറുകള്‍ മേശപ്പുറത്തു നിരത്തുന്നത് കണ്ടുവെന്നും ചില ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍ കവര്‍ തല്‍ക്കാലത്തേക്ക് വെച്ചതായിരിക്കും എന്നാണ് ഇവര്‍ കരുതിയത്. പിന്നീട് സ്ത്രീ ഓട്ടോറിക്ഷയില്‍ തിരികെ പോവുന്നതും കണ്ടതായി ജീവനക്കാര്‍ പറഞ്ഞു.
കേക്കിന്റെ കാര്യത്തില്‍ ദുരൂഹതയേറിയതോടെ ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് തുടങ്ങിയ സന്നാഹങ്ങളുമായി പോലീസ് സംഘം സ്ഥലത്തെത്തി. നിരീക്ഷണ ക്യാമറയില്‍ നോക്കി ആളെ കണ്ടെത്താന്‍ പോലീസ് വിചാരിച്ചെങ്കിലും കലക്ടറേറ്റില്‍ ആ ഭാഗത്തൊന്നും ക്യാമറ സംവിധാനമില്ല. അവസാനം സാംപിള്‍ എടുത്ത ശേഷം കേക്ക് പോലീസ് നശിപ്പിച്ചു. ഉച്ചയോടെ മെഡിക്കല്‍ പോലീസ് സ്റ്റേഷനിലും സ്ത്രീ കേക്കുമായി എത്തിയിരുന്നതായി അറിഞ്ഞു.
അവിടെ കേക്ക് സ്വീകരിക്കാന്‍ തയാറാകാഞ്ഞപ്പോള്‍ കലക്ടറേറ്റില്‍ കൊടുക്കാമെന്നും പറഞ്ഞ് മടങ്ങി. പൂവാട്ടുപറമ്പിലെ ബേക്കറിയില്‍ പോയി നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോള്‍ അതില്‍ ഒരു സ്ത്രീ 15 കേക്കും കുറച്ചു ലഡുവും വാങ്ങിയതായി കണ്ടെത്തി. സ്ത്രീ പെരുവയല്‍ സ്വദേശിയാണെന്നു തിരിച്ചറിഞ്ഞു. അടുത്തിടെ വിദേശത്തുനിന്ന് എത്തിയ സ്ത്രീ സന്തോഷസൂചകമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മധുരം നല്കാന് തീരുമാനിച്ചതാണെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.