കോഴിക്കോട്: പഠിക്കാന്‍ മിടുമിടുക്കി, ഡോക്ടറാവണമെന്ന് ആഗ്രഹം, പക്ഷേ ഈ ആഗ്രഹം സഫലമാക്കാന്‍ കൂറ്റല്ലൂര്‍ ആദിവാസി കോളനിയിലെ ജ്യോത്സനക്ക് സാമ്പത്തികമായി ഒരു വഴിയും ഉണ്ടായിരുന്നില്ല. തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ഉഷയും അനുജനും അനുജത്തിയുമടങ്ങുന്നതാണ് ജ്യോത്സനയുടെ കുടുംബം. പ്ലസ് ടുവിന് മികച്ച വിജയം നേടിയ ജ്യോത്സന കുടുംബത്തിന്റെ സാമ്പത്തിക നില ഓര്‍ത്ത് തന്റെ ആഗ്രഹമെല്ലാം ഉള്ളിലൊതുക്കി.
ഇതിനിടെയാണ് ജ്യോത്സനയ്ക്കും കുടുംബത്തിനും രക്ഷകരായി ജനമൈത്രി പോലീസും നാട്ടുകാരുമെത്തിയത്. പഠിക്കാന്‍ മിടുക്കിയായ ജ്യോത്സനയെക്കുറിച്ച് അന്നത്തെ വളയം എസ്‌ഐ കെ ശംഭുനാഥിനോടും നാദാപുരം ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിനോടും പറഞ്ഞു. തുടര്‍ന്ന് നാട്ടുകാരുടെ സഹകരണത്തോടെ 2013ല്‍ ജനമൈത്രി പോലീസ് ജ്യോത്സനയ്ക്ക് പഠനത്തിനാവശ്യമായ സഹായവുമായെത്തുകയായിരുന്നു.
ബിഎഎംഎസ് പഠനം പൂര്‍ത്തിയാക്കി ജ്യോത്സന ഇന്ന് കോളനിയിലെ ആദ്യ ഡോക്ടറായി. പറശ്ശിനിക്കടവ് എംവി രാഘവന്‍ സ്മാരക കോളജില്‍ നിന്നാണ് ജ്യോത്സന ബിഎഎംഎസില്‍ മികച്ച വിജയം നേടിയത്. തനിക്ക് ഊര്‍ജ്ജം നല്‍കി ഒപ്പം നിന്ന ചുറ്റിലുമുള്ള ഒരുപാട് പേരുണ്ട്, അവരോടുള്ള കടപ്പാട് കൂടിയാണ് ഇനിയുള്ള ജീവിതമെന്ന് ജ്യോത്സന പറയുന്നു.