പ്രീത ഷാജി ഇന്ന് വീടിന്റെ താക്കോല്‍ റവന്യൂ അധികൃതര്‍ക്ക് കൈമാറും ; കുടുംബത്തോടൊപ്പം കാവല്‍ സമരം തുടങ്ങും

സര്‍ഫാസി വിരുദ്ധ ജനീക പ്രസ്ഥാനം, മാനാത്തുപാടം പാര്‍പ്പിട സംരക്ഷണ സമിതി എന്നിവര്‍ ഇവരുടെ സമരത്തിന് പിന്തുണ നല്‍കും

കൊച്ചി: സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിനെ തുടര്‍ന്ന്, വീട് ബാങ്ക് ജപ്തി ചെയ്തതിനെതിരെ സമരം ചെയ്യുന്ന ഇടപ്പള്ളിയിലെ പ്രീത ഷാജി ഇന്ന് റവന്യൂ അധികൃതര്‍ക്ക് താക്കോല്‍ കൈമാറും. ഉച്ചക്ക് ശേഷം തൃക്കാക്കര വില്ലേജ് ഓഫീസറെത്തി താക്കോല്‍ വാങ്ങും. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വീടിന്റെ താക്കോല്‍ കൈമാറുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് 48 മണിക്കൂറിനകം വീട് പൂട്ടി താക്കോല്‍ കൈമാറണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

അതേസമയം വീട് ഒഴിഞ്ഞ് താക്കോല്‍ കൈമാറിയ ശേഷം പ്രീത ഷാജിയും കുടുംബവും വീട്ടിലേക്ക് കയറുന്ന വഴിയില്‍ ഷെഡ്ഡു കെട്ടി ഇന്ന് വൈകുന്നേരം മുതല്‍ വീട് കാവല്‍ സമരം തുടങ്ങും. സര്‍ഫാസി വിരുദ്ധ ജനീക പ്രസ്ഥാനം, മാനാത്തുപാടം പാര്‍പ്പിട സംരക്ഷണ സമിതി എന്നിവര്‍ ഇവരുടെ സമരത്തിന് പിന്തുണ നല്‍കും.

വീടിന്റെ താക്കോല്‍ റവന്യൂ അധികൃതര്‍ക്ക് കൈമാറുന്നത് കോടതിയലക്ഷ്യം ഒഴിവാക്കാനാണെന്ന് പ്രീത ഷാജി പറഞ്ഞു. കിടപ്പാടം ജപ്തി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ കോടതി ഉത്തരവ് അനുസരിക്കണമെന്നാണ് പ്രീതയ്ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം.

Exit mobile version