തിരുവനന്തപുരം: സംസ്ഥാനത്ത് ഡിറ്റന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നെന്ന വാര്‍ത്തകള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. ചില കേന്ദ്രങ്ങള്‍ വ്യാജ പ്രചരണം നടത്തുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജയിലില്‍ കഴിയുന്ന വിദേശികളെ പാര്‍പ്പിക്കാന്‍ തടങ്കല്‍ കേന്ദ്രം നിര്‍മ്മിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കാനൊരുങ്ങുകയാണ് കേരളാ സര്‍ക്കാറെന്ന് ‘ദ ഹിന്ദു’വാണ് റിപ്പോര്‍ട്ട് ചെയ്തത്.
വിവിധ കേസുകളില്‍ ഉള്‍പ്പെട്ട, പാസ്പോര്‍ട്ട് – വിസ തുടങ്ങിയ അംഗീകൃത രേഖകളുടെ കാലാവധി അവസാനിച്ച, അനധികൃതമായി രാജ്യത്ത് പ്രവേശിച്ച വിദേശീയര്‍ക്കായാണ് കേരള സര്‍ക്കാര്‍ തടങ്കല്‍ പാളയങ്ങളൊരുക്കുന്നത്. ഇത്തരത്തിലുള്ളവരുടെ എണ്ണമെടുക്കാന്‍ സാമൂഹ്യനീതി വകുപ്പ് നീക്കം നടത്തുന്നതായാണ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ വിവിധ ജയിലുകളില്‍ പലവിധ കാരണങ്ങളാല്‍ കഴിയുന്ന വിദേശികളെ ജയില്‍ അന്തരീക്ഷത്തില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെയാണ് ഡിറ്റന്‍ഷന്‍ സെന്ററുകള്‍ തയ്യാറാകുന്നു എന്ന് പറഞ്ഞ് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത് എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
2012ല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തി വെക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച ഒരു ഫയലുകളും ഈ സര്‍ക്കാരിലെ മന്ത്രിമാര്‍ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Discussion about this post