അഗളി: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് സംഘികള്‍ ആക്രമിച്ച ബിന്ദു തങ്കം കല്ല്യാണിക്ക് പിന്തുണ അറിയിച്ച് കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്ത്. ഒരു ദളിതനായി ജനിച്ചാല്‍ത്തന്നെ കൊല്ലപ്പെടും എന്ന സ്ഥിതിക്ക് ഇനി പറയാനുള്ളത് പറഞ്ഞിട്ടേ കത്താനുദ്ദേശിക്കുന്നുള്ളു എന്ന് സണ്ണി എം കപിക്കാട് വ്യക്തമാക്കി.
സണ്ണിയുടെ വാക്കുകള്‍….
സംഘികള്‍ എന്നെ കത്തിച്ചു കളയുമെന്നാണ് പറയുന്നത്. ഞാന്‍ ദളിത് സമുദായത്തില്‍പ്പെട്ട ഒരാളാണ്. എന്റെ സമുദായത്തില്‍ നൂറുകണക്കിന്, ആയിരക്കണക്കിന് പേരാണ് സ്വതന്ത്ര ഇന്ത്യയില്‍ ചുട്ടെരിക്കപ്പെട്ടിട്ടുള്ളത്. ഇവരാരും അഭിപ്രായം പറഞ്ഞിട്ടല്ല. മൂന്നു വയസ്സുള്ള കുട്ടിപോലും എന്റെ സമുദായത്തില്‍ ചുട്ടരിക്കപ്പെട്ടത് ആ കുട്ടി എന്ത് അഭിപ്രായം പറഞ്ഞിട്ടാണ്? അപ്പോള്‍ ഒരു ദളിതനായി ജനിച്ചാല്‍ത്തന്നെ കൊല്ലപ്പെടും എന്ന സ്ഥിതിക്ക് ഇനി പറയാനുള്ളത് പറഞ്ഞിട്ടേ കത്താനുദ്ദേശിക്കുന്നുള്ളു
ദളിത് സമുദായത്തില്‍പ്പെട്ടവര്‍ക്ക് എതിരെയുള്ള അക്രമങ്ങളുടെ ഭാഗം തന്നെയാണ് ബിന്ദു തങ്കം കല്ല്യാണിക്ക് എതിരെയുള്ള അക്രമമെന്നും ഐക്യദാര്‍ഢ്യസദസ് അഭിപ്രായപ്പെട്ടു. നൂറ് കണ്ക്കിന് ആളുകളാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. സംസ്ഥാനത്ത് ഇത്തരത്തില്‍ അവഗണന നേരിടുന്ന സ്ത്രീകള്‍ക്ക് ജനകീയ ഐക്യദാര്‍ഢ്യസദസ്സുകള്‍ സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയാണ് ഈ പരിപാടിയെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ അറിയിച്ചു.
കോഴിക്കോട് സ്വദേശിനിയായ ബിന്ദു ശബരിമലയിലേക്ക് പോകാന്‍ തയാറായി പമ്പവരെ എത്തിയെങ്കിലും പോലീസ് ഇവരെ തിരിച്ചയക്കുകയുമായിരുന്നു. തിരികെ എത്തിയ ബിന്ദുവിന് നേരെ വധ ഭീഷണി ഉയരുകയും ഇവര്‍ താമസിച്ചിരുന്ന വാടക വീട് ഒഴിഞ്ഞുകൊടുക്കേണ്ടിവരികയും ചെയ്തു. സര്‍ക്കാര്‍ വിദ്യാലയത്തിലെ അധ്യാപികയായ ബിന്ദുവിനോട് ഇനി മുതല്‍ സ്കൂളില്‍ വരേണ്ടെന്നും പറഞ്ഞിരുന്നു.
Discussion about this post