പത്തനംതിട്ട: രാജ്യം ഒട്ടുക്കും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം അലയടിക്കുമ്പോള്‍ നിയമത്തെ വെള്ളപ്പൂശാന്‍ ഇറങ്ങിയിരിക്കുകയാണ് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. അയിരൂര്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാനങ്ങളില്‍ പ്രതിഷേധം കത്തിക്കയറുമ്പോള്‍ പതിന്‍ മടങ്ങ് പിന്തുണ പ്രഖ്യാപിച്ച് കേരളവും പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയിരുന്നു. അതും സംയുക്ത പ്രതിഷേധം.
ഈ സാഹചര്യത്തിലാണ് നിയമത്തെ ന്യായീകരിച്ചും പുതിയ നിര്‍ദേശവുമായി തുഷാര്‍ രംഗത്തെത്തിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന സമരത്തിന്റെ ഭാഗമായി ശ്രീനാരായണ സമൂഹം തെരുവിലിറങ്ങേണ്ടതില്ലെന്നാണ് തുഷാറിന്റെ നിര്‍ദേശം. രാജ്യത്ത് താമസിക്കുന്നവരുടെ കൃത്യമായ വിവരം ശേഖരിക്കുന്നതും പൗരത്വം അറിഞ്ഞിരിക്കുന്നതും ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നാണ് മതാടിസ്ഥാനത്തില്‍ തിരിക്കുന്ന നിയമത്തിന് തുഷാറിന്റെ ന്യായീകരണം.
എന്നാല്‍, ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറയുന്നു. രണ്ട് നിലപാടില്ല, ഒറ്റ നിലപാടാണ് വേണ്ടതെന്ന വിമര്‍ശനം ഇതിനോടകം തന്നെ നേതാവിനെതിരെ ഉയര്‍ന്ന് കഴിഞ്ഞു. ലോകത്തെമ്പാടും ജാതിയുടെയും മതത്തിന്റെയും പേരില്‍ കലാപങ്ങള്‍ നടക്കുകയാണെന്നും ഗുരുദര്‍ശന പ്രചാരണത്തിലൂടെ ഇതിനു ശാശ്വത പരിഹാരം കാണാന്‍ കഴിയുമെന്നും തുഷാര്‍ വേദിയില്‍ പറഞ്ഞു. ജാതി ഇന്നും ഒരു യാഥാര്‍ഥ്യമാണ്. ജാതി ഇല്ലെന്ന് ശ്രീനാരായണ ഗുരു എവിടെയും പറഞ്ഞിട്ടില്ല. ജാതിഭേദം കൂടാതെ ജീവിക്കണം എന്നാണ് പറഞ്ഞതെന്നും തുഷാര്‍ എടുത്ത് പറഞ്ഞു. തുഷാറിന്റെ പരാമര്‍ശനത്തിനെതിരെ സമൂഹമാധ്യമങ്ങളിലും ഇപ്പോള്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.