കോട്ടയം: ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തിനൊപ്പം കെഎസ്ആര്‍ടിസി വരുമാനവും ഉയര്‍ന്നു. കെഎസ്ആര്‍ടിസിക്കു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വരുമാനത്തില്‍ അരക്കോടിയുടെ വര്‍ധനവ് ഉണ്ടായി.
കഴിഞ്ഞ വര്‍ഷം മണ്ഡല സീസണ് അവസാനിക്കാറായപ്പോഴേക്കും 1.10 കോടി രൂപയായിരുന്നു കോട്ടയം ഡിപ്പോയുടെ വരുമാനമെങ്കില്‍ ഇത്തവണ 1.60 കോടി രൂപയായി വര്‍ധിച്ചു. 60 സര്‍വീസുകളാണ് ഒരു ദിവസം കോട്ടയത്തു നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം സമരത്തെ തുടര്‍ന്നു അയ്യപ്പഭക്തരുടെ വരവ് കുറഞ്ഞിരുന്നു. ഇതാണ് വരുമാനത്തില്‍ കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനം വരെ കോട്ടയത്തുനിന്നും കെഎസ്ആര്‍ടിസിയെ ആശ്രയിച്ചത് 1.19 ലക്ഷം അയ്യപ്പന്‍മാരായിരുന്നുവെങ്കില്‍ ഇത്തവണ 10.80 ലക്ഷം അയ്യപ്പന്മാര് കെഎസ്ആര്‍ടിസി വഴി സന്നിധാനത്ത് എത്തി.
അതേസമയം, മകരവിളക്കു സീസണില്‍ കൂടുതല്‍ ബസുകള്‍ ഓപ്പറേറ്റ് ചെയ്യാനാണു തീരുമാനം. 10 ബസ് കൂടി അധികമായി ഡിപ്പോയ്ക്കു ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മണ്ഡലകാലം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി.
60 മുതല്‍ 75 സര്‍വീസുകള്‍ വരെയാണു കോട്ടയത്തുനിന്നും പമ്പ സ്പെഷല്‍ എന്ന പേരില്‍ ഓപ്പറേറ്റ് ചെയ്യുന്നത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സര്‍വീസുകള്‍ കൂടുതല്‍ അയയ്ക്കുന്നത്. അഞ്ചു മുതല്‍ ഏഴു ബസുകള്‍ വരെ ഇവിടെ പാര്‍ക്കു ചെയ്ത്, താല്കാലിക ഓപ്പറേഷന് കേന്ദ്രം വഴിയാണു സര്‍വീസ് നടത്തുന്നത്. പ്രത്യേകം ജീവനക്കാരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. മകരവിളക്കു സമയത്ത് ഇതരസംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ ഭക്തര്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
Discussion about this post