മുക്കം; മുക്കത്ത് കൊടിയത്തൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് സിടിസി അബ്ദുല്ലയെ മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ 10 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്റ് സിടിസി അബ്ദുല്ലയെ മണാശ്ശേരി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെസ്റ്റ് കൊടിയത്തൂര്‍ അങ്ങാടിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മര്‍ദ്ദിച്ച ലീഗ് പ്രവര്‍കര്‍ക്ക് നേരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം ഒരു സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ലീഗ് ഓഫീസ് പൊളിക്കുന്നതിനിടെ പ്രസിഡന്റിന്റെ ദേഹത്തേക്ക് തൂണ് വീണതാണെന്നും പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചിട്ടില്ലെന്നുമാണ് മുസ്ലിം ലീഗിന്റെ വിശദീകരണം.
കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോ നിലനില്‍ക്കേ മുസ്ലീം ലീഗ് ഓഫീസിനോട് ചേര്‍ന്ന നിര്‍മാണ പ്രവര്‍ത്തനത്തിന് നീക്കം നടക്കുന്നതായി പഞ്ചായത്ത് അധികൃതര്‍ക്ക് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല നിര്‍മാണം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. മര്‍ദ്ദനമേറ്റ അബ്ദുല്ല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post