തിരുവനന്തപുരം: നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം കണ്ട ആവേശത്തിലാണ് മലയാളികള്‍. സംസ്ഥാനത്ത് കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലാണ് വലയ സൂര്യഗ്രഹണം ആദ്യമായി വ്യക്തമായത്. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച രീതിയില്‍ ഇത്തവണ സൂര്യഗ്രഹണം കാണാന്‍ സാധിച്ചു എന്നാണ് ആരോഗ്യ മന്ത്രി കെകെ ഷൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം തന്നെ പണ്ടുകാലങ്ങളില്‍ ഉള്ളതുപോലെ വീടിനകത്ത് കഴിച്ചു കൂട്ടാതെ വീടിനു പുറത്തിറങ്ങി വളരെ മനോഹരമായി ഇത് ആസ്വദിക്കുന്ന വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും കാണാന്‍ സാധിച്ചതിന് ഏറെ സന്തോഷം തോന്നിയെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ശാസ്ത്രബോധം വളര്‍ന്നു വരുന്ന തലമുറയില്‍ കാണുന്നത് സമൂഹത്തിന്റെ പുരോഗതിയെ സൂചിപ്പിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
രാവിലെ 8.4നാണ് വലയ സൂര്യഗ്രഹണം ആരംഭിച്ചത്. വടക്കന്‍ ജില്ലകളില്‍ വയനാട് ഒഴികെ ബാക്കി എല്ലാ ജില്ലകളിലും സൂര്യഗ്രഹണം വ്യക്തമായി കാണാന്‍ സാധിച്ചിരുന്നു. തെക്കന്‍ കേരളത്തില്‍ തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഭാഗികമായാണ് വലയ സൂര്യഗ്രഹണം കാണാന്‍ സാധിച്ചത്.
കെകെ ഷൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ഇന്നത്തെ വലയ സൂര്യഗ്രഹണം പ്രത്യേക കണ്ണട ഉപയോഗിച്ച് കണ്ടു. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച രീതിയില്‍ കാണാന്‍ കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പുതിയ അനുഭവം ആയിരിക്കും. പണ്ടുകാലങ്ങളില്‍ ഉള്ളതുപോലെ വീടിനകത്ത് കഴിച്ചു കൂട്ടാതെ വീടിനു പുറത്തിറങ്ങി വളരെ മനോഹരമായി ആസ്വദിക്കുന്ന വിദ്യാര്‍ഥികളെയും പൊതുജനങ്ങളെയുമാണ് കണ്ടത്. ഏറെ സന്തോഷം തോന്നി, ശാസ്ത്രബോധം വളര്‍ന്നു വരുന്ന തലമുറയില്‍ കാണുന്നത് സമൂഹത്തിന്റെ പുരോഗതിയെ സൂചിപ്പിക്കുന്നു. എല്ലാവരും നല്ല രീതിയില്‍ സൂര്യഗ്രഹണത്തെ വരവേറ്റത് സോഷ്യല്‍ മീഡിയ കാണുമ്പോള്‍ തന്നെ മനസ്സിലാകുന്നുണ്ട്. നിങ്ങള്‍ ഇന്ന് എടുത്ത നല്ല ചിത്രങ്ങള്‍ കമന്റില്‍ പങ്കുവെക്കാമോ.