കോഴിക്കോട്: ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവർ പാകിസ്താനിലേക്ക് പോകേണ്ടി വരുമെന്ന ഭീഷണിയുമായി ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. എൻപിആറിനായുള്ള എല്ലാ നടപടികളും കേരളത്തിൽ നിർത്തിവെച്ച മുഖ്യമന്ത്രി പിണറായി വിജയനെയും ഗോപാലകൃഷ്ണൻ ഭീഷണിപ്പെടുത്തി. പിണറായിയെക്കൊണ്ട് തന്നെ കേരളത്തിൽ നടപ്പാക്കുമെന്നും അല്ലെങ്കിൽ കേരളത്തിന് റേഷൻ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും മുഖ്യമന്ത്രി പിണറായി വിജയനേയും ഡിറ്റൻഷൻ സെന്ററിൽ അയക്കുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
സെൻസസിൽ കളവ് പറയാൻ ആഹ്വാനം ചെയ്ത അരുന്ധതി റോയിയെ രാഷ്ട്രീയ മന്ഥര എന്നാണ് വിളിക്കേണ്ടതെന്നും അദ്ദേഹം ആക്ഷേപിച്ചു. മുസ്ലീം ലീഗ് മതവർഗീയ വാദികളെ കയറൂരി വിടുകയാണെന്നും ഗൾഫിലുള്ള ഹിന്ദുക്കളെ ചിലർ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാൽ പാകിസ്താനിലേക്ക് പോകേണ്ടിവരുമെന്നും ഗോപാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സംവിധായകൻ കമൽ വർഗീയ വാദിയാണെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു. മോഡി കൊടുക്കുന്ന പണം കൊണ്ടാണ് ചലച്ചിത്ര അക്കാദമി പ്രവർത്തിക്കുന്നത്. അത് ഓർമ്മ വേണം. സിനിമാക്കാരുടെ സമരത്തിൽ മാന്യന്മാരാരും പങ്കെടുത്തില്ലെന്നും ബിജെപി നേതാവ് ആക്ഷേപിച്ചു.
Discussion about this post