കോട്ടയം: വീണ്ടും വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്താനിലേയ്ക്ക് പോകേണ്ടി വരുമെന്ന് തുടങ്ങിയ പരാമര്‍ശം കൊണ്ട് വിവാദ കോളങ്ങളില്‍ ഇടംപിടിക്കുന്ന നേതാവ് ഇത്തവണയും വിവാദ പരാമര്‍ശം നടത്തിയിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നേതാവിന്റെ വിമര്‍ശനം.
പൗരത്വ ബില്ലിനെതിരെ സമരം നടത്തിയ സിനിമാക്കാര്‍ക്ക് നേതൃത്വം നല്‍കിയത് കമല്‍ എന്ന വര്‍ഗീയവാദിയാണെന്നാണ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ചലചിത്ര അക്കാദമി പ്രവര്‍ത്തിക്കുന്നത് മോദി കൊടുക്കുന്ന പണം കൊണ്ടാണ് എന്ന് ഓര്‍ക്കണമെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിവാദ പരാമര്‍ശം. സെന്‍സസ് എടുക്കാന്‍ വരുമ്പോള്‍ കളവ് പറയാന്‍ ആഹ്വാനം ചെയ്ത അരുദ്ധതി റോയിയെ രാഷ്ട്രീയ മന്ഥര എന്ന് വിളിക്കണമെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന് നേരെയും ബി ഗോപാലകൃഷ്ണന്‍ വിമര്‍ശനം തൊടുക്കുന്നുണ്ട്.
പിണറായിയെകൊണ്ട് എന്‍പിആര്‍ ബിജെപി നടപ്പാക്കിക്കും എന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു. ഇല്ലെങ്കില്‍ റേഷന്‍ കിട്ടില്ല. പിണറായിയേയും ചെന്നിത്തലയേയും ഡിറ്റന്‍ഷന്‍ സെന്റുകളിലാക്കണമെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെത്തിയ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ പിണറായി വിജയന്‍ ഗൂഢാലോചന നടത്തി. വാഹനം നിര്‍ത്തിക്കൊടുത്ത ഡ്രൈവറുടെ പങ്ക് അന്വേഷിക്കണമെന്നും ബി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് മതവര്‍ഗീയ വാദികളെ കയറൂരി വിടുകയാണ്. ഗള്‍ഫിലുള്ള ഹിന്ദുക്കളെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാല്‍ പാകിസ്താനിലേക്ക് പോകേണ്ടിവരുമെന്നും ഗോപാലകൃഷ്ണന്‍ ഭീഷണി ഉയര്‍ത്തി.