തൃശ്ശൂര്‍: ശബരിമല വിഷയത്തില്‍ ബിജെപി കേന്ദ്ര മന്ത്രിമാരുടെ പ്രവര്‍ത്തികളെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. സുപ്രിംകോടതിയ്ക്കും ഭരണഘടനയ്ക്കുമെതിരെ ശബരിമല കേന്ദ്രീകരിച്ചു നടക്കുന്ന ആഭാസസമരത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രിമാരെത്തുന്നത് പ്രതിഷേധാര്‍ഹമാണ്. ശബരിമലയില്‍ ക്രമസമാധാനം ലംഘിക്കാന്‍ നേതൃത്വം നല്‍കിയത് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനാണെന്നും ഇതൊന്നും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്നും ഇത് ആപല്‍ക്കരമായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.
സുപ്രിംകോടതി വിധി നടപ്പാക്കരുത് എന്ന നിലപാടുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുകയാണ് കേന്ദ്രമന്ത്രിമാര്‍ ചെയ്യേണ്ടത്. അതിനു പകരം കേരളത്തില്‍ ക്രമസമാധാനലംഘനത്തിന് ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തുകയല്ല വേണ്ടതെന്നും തോമസ് ഐസക്ക് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
ഫെയ്‌സ് ബുക്ക് പോസ്റ്റ്
സുപ്രിംകോടതിയ്ക്കും ഭരണഘടനയ്ക്കുമെതിരെ ശബരിമല കേന്ദ്രീകരിച്ചു നടക്കുന്ന ആഭാസസമരത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രിമാരെത്തുന്നത് പ്രതിഷേധാര്‍ഹമാണ്. സുപ്രിംകോടതി വിധി നടപ്പാക്കരുത് എന്ന നിലപാടുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുകയാണ് കേന്ദ്രമന്ത്രിമാര്‍ ചെയ്യേണ്ടത്. അതിനു പകരം കേരളത്തില്‍ ക്രമസമാധാനലംഘനത്തിന് ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
നിയമവാഴ്ച ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയ്ക്കു നിര്‍ത്താന്‍ ശ്രമിക്കുക, അവരെ ജാതിയും മതവും പറഞ്ഞ് പരസ്യമായി അധിക്ഷേപിക്കുക തുടങ്ങി കേരളത്തിലെ ബിജെപി നേതാക്കള്‍ നടത്തുന്ന തരംതാണ ഭീഷണിയ്ക്ക് കൂട്ടുനില്‍ക്കേണ്ടവരല്ല കേന്ദ്രമന്ത്രിമാര്‍. കുറച്ചുകൂടി ചുമതലാബോധവും ഉത്തരവാദിത്തവും അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സന്നിധാനത്ത് നാമജപസമരത്തിന് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനാണ് നേതൃത്വം നല്‍കിയത്. ഇത് ആപല്‍ക്കരമായ സന്ദേശമാണ് നല്‍കുന്നത്. ക്രമസമാധാനം ലംഘിക്കാന്‍ കേന്ദ്രമന്ത്രി നേതൃത്വം നല്‍കിയത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ഇതുപോലെ ഇനിയും കേന്ദ്രമന്ത്രിമാര്‍ വരുമെന്നാണ് കേള്‍ക്കുന്നത്. സുപ്രിംകോടതിവിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാവശ്യപ്പെട്ടാണ് സമരം എന്ന കാര്യം കേന്ദ്രമന്ത്രിമാര്‍ ഓര്‍ക്കണം. സാഹചര്യത്തിന്റെ ഗൌരവം കണക്കിലെടുത്ത് മന്ത്രിമാരെ നിരുത്സാഹപ്പെടുത്താന്‍ പ്രധാനമന്ത്രി തയ്യാറാകണം.
കൃത്യനിര്‍വഹണച്ചുമതലയുള്ള പോലീസുദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനും തങ്ങളുടെ വരുതിയ്ക്കു നിര്‍ത്താനും തരംതാണ പ്രവൃത്തികളാണ് ബിജെപി നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഈ സമ്മര്‍ദ്ദത്തിനു കീഴ്‌പ്പെടാതെ സത്യസന്ധമായി ചുമതല നിര്‍വഹിക്കുന്നതിന് പൊതുസമൂഹത്തിന്റെ പിന്തുണ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇന്ത്യയില്‍ മറ്റേതു സംസ്ഥാനത്തുള്ളതിനേക്കാള്‍ സത്യസന്ധമായും പക്ഷപാതരഹിതമായും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ സംവിധാനമാണ് കേരളത്തിലേത്. അതിന്റെ മനോവീര്യം തകര്‍ക്കാന്‍ തെറിജപക്കാരെ അനുവദിക്കാനാവില്ല.