തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്ക് എതിരെ സമരം ചെയ്ത സിനിമാക്കാരെ അവഹേളിച്ചും രാജ്യദ്രോഹികളെന്ന് വിളിച്ചും രംഗത്തെത്തിയ ബിജെപി നേതാക്കൾക്ക് ചുട്ടമറുപടിയുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലൻ. മാപ്പ് എഴുതി കൊടുത്ത് സ്വാതന്ത്ര്യസമരം ഒറ്റിക്കൊടുത്തവരാണ് യഥാർത്ഥ രാജ്യദ്രോഹികളെന്ന് മന്ത്രി പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ സമരം ചെയ്ത ചലച്ചിത്രപ്രവർത്തകർ രാജ്യസ്‌നേഹമില്ലാത്തവരെന്ന കുമ്മനം രാജശേഖരന്റെയും നടിമാരെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയ യുവമോർച്ച നേതാവ് സന്ദീപ് ജി വാര്യരുടേയും പ്രസ്താവനകൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി എകെ ബാലൻ.
കെപിസിസി അധ്യക്ഷന്റെ നിലപാടിനേയും മന്ത്രി കുറ്റപ്പെടുത്തി. ഇന്ത്യയ്ക്ക് മാതൃകയായ എൽഡിഎഫ്-യുഡിഎഫ് സംയുക്ത സമരത്തെ ആണ് മുല്ലപ്പള്ളി അവഹേളിച്ചത്. ഒന്നിച്ചുള്ള സമരത്തിന്റെ പേരിൽ കോൺഗ്രസിൽ രണ്ട് രൂപത്തിലുള്ള അഭിപ്രായമുണ്ട്. അതിനെ മാന്തി പുണ്ണാക്കാൻ ഇഷ്ടപ്പെടുന്നില്ല. രാജ്യത്തിന് മാതൃകയായിരുന്നു ഒരുമിച്ചുള്ള സമരം. അതിനെ അപഹസിക്കുന്ന രൂപത്തിൽ ഒരാൾക്കും സംസാരിക്കാൻ പറ്റില്ല. പക്ഷെ മുല്ലപ്പള്ളിക്ക് എങ്ങനെ അതിന് കഴിഞ്ഞുവെന്നത് വരും ദിവസങ്ങളിൽ ചർച്ചയാവും. മുസ്ലീംലീഗിനും കോൺഗ്രസിനും അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും അതും ചർച്ചയാവുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഗവർണറുടെ പരിപാടി സർക്കാർ ബഹിഷ്‌കരിക്കില്ലെന്നും മന്ത്രി എകെ ബാലൻ വ്യക്തമാക്കി. പദവിയിൽ ഉള്ളവർ എന്തു പറയണം എന്നു അവർ തീരുമാനിക്കണം. പി സദാശിവം ഗവർണർ ആയിരുന്നപ്പോൾ രാഷ്ട്രീയം പറയാറുണ്ടായിരുന്നില്ലെന്നും എകെ ബാലൻ കോഴിക്കോട് പറഞ്ഞു.
Discussion about this post