കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയിൽ സർക്കാരിന്റെ നിലപാടിനെതിരെ രംഗത്തെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലൻ. ഗവർണർ പദവിയിലിരുന്ന് രാഷ്ട്രീയം പറയണമോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്ന് എകെ ബാലൻ പറഞ്ഞു.
മുൻ ഗവർണർ പി സദാശിവത്തിനും പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ സ്വന്തമായ അഭിപ്രായമുണ്ടായിരുന്നു. പക്ഷെ അദ്ദേഹം ഒരിക്കലും സ്വന്തം അഭിപ്രായം പൊതുസമൂഹത്തിൽ പറഞ്ഞിരുന്നില്ല. ഒരു സർക്കാരിനെ ഭരണഘടനാപരമായി ബുദ്ധിമുട്ടിക്കണമെന്ന് സദാശിവം വിചാരിച്ചിരുന്നില്ല. മറിച്ചുള്ള അഭിപ്രായ പ്രകടനം നടത്തണോയെന്ന് പദവിയിലുള്ളവർ സ്വയം തീരുമാനിക്കണമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.
കോൺഗ്രസ് നിലപാടെടുത്ത പോലെ ഗവർണറുടെ പരിപാടി ബഹിഷ്കരിക്കണമെന്ന് ഇതുവരെ പാർട്ടിയോ സർക്കാരോ തീരുമാനിച്ചിട്ടില്ലെന്നും എകെ ബാലൻ വ്യക്തമാക്കി. ഒന്നിച്ചുള്ള സമരത്തിന്റെ പേരിൽ കോൺഗ്രസിൽ രണ്ട് രൂപത്തിലുള്ള അഭിപ്രായമുണ്ട്. അതിനെ മാന്തി പുണ്ണാക്കാൻ ഇഷ്ടപ്പെടുന്നില്ല. രാജ്യത്തിന് മാതൃകയായിരുന്നു ഒരുമിച്ചുള്ള സമരം. അതിനെ അപഹസിക്കുന്ന രൂപത്തിൽ ഒരാൾക്കും സംസാരിക്കാൻ പറ്റില്ല. പക്ഷെ മുല്ലപ്പള്ളിക്ക് എങ്ങനെ അതിന് കഴിഞ്ഞുവെന്നത് വരും ദിവസങ്ങളിൽ ചർച്ചയാവും. മുസ്ലീംലീഗിനും കോൺഗ്രസിനും അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും അതും ചർച്ചയാവുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post