തൃശ്ശൂർ: ലോക സമാധാനം, മാനവ സൗഹാർദ്ദം തുടങ്ങിയ മഹദ്സന്ദേശങ്ങൾ സമൂഹത്തിന് പകർന്ന് നൽകുക എന്ന ലക്ഷ്യത്തോടെ 108 മണിക്കൂർ തുടർച്ചയായി പുല്ലാങ്കുഴൽ വായിച്ച് ഗിന്നസ് മുരളി നാരായണൻ. തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലെ തെക്കേഗോപുര നടയിൽ ഒരുക്കിയ പ്രത്യേക വേദിയിലാണ് മുരളി നാരായണന്റെ കലാപ്രകടനം. രാത്രി പോലും വിശ്രമമില്ലാതെ തുടർച്ചയായാണ് 108 മണിക്കൂർ പുല്ലാങ്കുഴൽ വായിക്കുന്നത്.
സമയ സർഗസംഗമം സംഘടനയുടെ നേതൃത്വത്തിലാണ് സംഗീത മഹായാനം എന്നപേരിൽ 23-ന് രാത്രി മുതൽ മുരളി നാരായണൻ 108 മണിക്കൂർ പുല്ലാങ്കുഴൽ വായിക്കാൻ ആരംഭിച്ചത്. ഡിസംബർ 28നാണ് ഈ സംഗീത തപസ്യയ്ക്ക് തിരശ്ശീല വീഴുക. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള പുല്ലാങ്കുഴൽ വായനയ്ക്ക് തൃശ്ശൂർ നഗരത്തിന്റെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. കർണാടിക്, ഹിന്ദുസ്ഥാനി സംഗീതവും, ഫ്യൂഷനും സിനിമാ ഗാനങ്ങളും കോർത്തിണക്കിയാണ് മുരളി നാരായണന്റെ മാരത്തൺ സംഗീതപ്രകടനം.
സ്വന്തം നാടായ തളിക്കുളം തീരദേശ ഗ്രാമത്തിൽ 2016ൽ 27 മണിക്കൂർ പത്ത് മിനിറ്റ് തുടർച്ചയായി പുല്ലാങ്കുഴൽ വായിച്ച് ഗിന്നസ് റെക്കോർഡ് നേടിയിരുന്നു ഇദ്ദേഹം. അന്ന് യുകെ സ്വദേശിയായ കാതറിൻ ബ്രൂക്ക്സ് എന്ന യുവതി സ്ഥാപിച്ച ലോക റെക്കോർഡാണ് മുരളി നാരായണൻ തകർത്തത്. 2016 ജനുവരി 9, 10 തീയതികളിലായിരുന്നു തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിൽ നാടാകെ ആഘോഷമാക്കിയ ഗിന്നസ് റെക്കോർഡ് പ്രകടനം.
Discussion about this post