കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ നിന്ന് ഡിഎംആര്‍സി പിന്മാറുന്നുവെന്ന് വ്യക്തമാക്കി ഇ ശ്രീധരന്‍. ഇതുസംബന്ധിച്ച് സര്‍ക്കാരിന് ഉടന്‍ തന്നെ കത്ത് നല്‍കുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി. ഡിഎംആര്‍സിയുടെ കേരളത്തിലെ പ്രവര്‍ത്തനം ജൂണില്‍ അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണ് പിന്മാറ്റം.
അതുകൊണ്ട് തന്നെ പാലത്തിന്റെ പുനര്‍നിര്‍മ്മാണം ജൂണിനു മുമ്പില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നാണ് വിശദീകരണം. നേരത്തേ പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഒക്ടോബറില്‍ തുടങ്ങി ജൂണില്‍ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഹൈക്കോടതി സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഇതുവരെ ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. തകര്‍ന്ന പാലാരിവട്ടം പാലത്തില്‍ പരിശോധന നടത്തിയശേഷം പാലം പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിക്കണമെന്ന ഇ ശ്രീധരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പാലം പൊളിച്ച് പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
2016 ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ പാലം അധികം വൈകാതെ തന്നെ ഗതാഗതയോഗ്യമല്ലാതായി തീരുകയായിരുന്നു. വിവിധ ഏജന്‍സികള്‍ പാലത്തിലെ ഗര്‍ഡറുകളിലെ വിളളലുകളും നിര്‍മ്മാണത്തിലെ പോരായ്മകളും ചൂണ്ടിക്കാണിച്ചതോടെ മെയ് ഒന്ന് മുതല്‍ പാലത്തിലൂടെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്.
Discussion about this post