തിരുവനന്തപുരം: തെരുവ് പട്ടികള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പുറത്തിറങ്ങാന്‍ ഭയക്കുന്നവരാണ് ഇന്ന് സംസ്ഥാനത്ത് അധികവും. കുട്ടികളെ വരെ വെറുതെ വിടാതെ കടിച്ച് പറിക്കുന്ന തെരുവ് നായ്ക്കള്‍ ഉണ്ട്. എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ കുട്ടികള്‍ക്ക് ക്രിസ്മസ് അവധിയില്‍ ധൈര്യമായി പുറത്തിറങ്ങി കളിക്കാം. ഭയപ്പെടുത്തുന്ന എല്ലാ തെരുവ് നായ്ക്കളെയും നീക്കം ചെയ്തിരിക്കുകയാണ് കോര്‍പ്പറേഷന്‍.
ഈ നടപടിയെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. കോര്‍പ്പറേഷന്റെ കുന്നുകുഴി വാര്‍ഡ് കൗണ്‍സിലായ ഐപി ബിനുവിന്റെ നേതൃത്വത്തില്‍ ജേക്കബ് പുന്നൂസ് താമസിക്കുന്ന കോളനിയില്‍ നടത്തിയ പ്രവര്‍ത്തനത്തിനാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
ജേക്കബ് പുന്നൂസ് താമസിക്കുന്ന കുന്നുകുഴി വാര്‍ഡിലെ കോളനിയില്‍ അടുത്തിടെയായി തെരുവ് നായ ശല്യം അതിരൂക്ഷമായിരുന്നു. ക്രിസ്മസ് അവധിയായതിനാല്‍ കുട്ടികള്‍ പുറത്തിറങ്ങി കളിക്കുന്നത് കോളനിവാസികളെ പോലും ഭയപ്പെടുത്തുന്ന ഒന്നായിരുന്നു. ഇടുങ്ങിയ വഴികളിലൂടെ നടക്കുന്നതും മറ്റും തെരുവുനായ ശല്യം കാരണം അസാധ്യമായിരുന്നു. ക്രിസ്മസ് ആഘോഷങ്ങളുമായി വരുന്നവര്‍ക്ക് പോലും ഭീഷണിയാവുകയായിരുന്നു തെരുവ് നായ്ക്കള്‍. ഇതിന് പരിഹാരം കാണുന്നതിന് വാര്‍ഡ് കൗണ്‍സിലര്‍ ഐപി ബിനുവിന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷനിലെ ഒരു സംഘം ആളുകള്‍ കോളനിയിലെത്തുകയും തെരുവ് നായകളെ സൂക്ഷ്മതയോടെ പിടികൂടി കൊണ്ടുപോവുകയും ചെയ്തു.
പോലീസ് ജോലിയെപ്പോലെ വളറെ റിസ്‌കുള്ള പണിയാണ് പട്ടിപിടുത്തവും. അപകടകാരികളായ തെരുവ് നായകളെ വരുതിയിലാക്കുന്നത് ഒരു കലയാണ്. അത് ഭംഗിയായി നിര്‍വ്വഹിച്ച തിരുവനന്തപുരം കോര്‍പ്പറേഷന്‍ സ്റ്റാഫിനും നേതൃത്വം വഹിച്ച ഐപി ബിനുവിനും നന്ദിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പട്ടിപിടുത്തതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.