തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങിയ സിനിമാക്കാരെ ഒന്നടങ്കം വിമര്‍ശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരനും യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരും രംഗത്തെത്തിയിരുന്നു. കലാ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ രാജ്യസ്നേഹമില്ലാത്തവരാണെന്നായിരുന്നു കുമ്മനത്തിന്റെ പരാമര്‍ശം. കപട രാജ്യസ്‌നേഹികളാണെന്നും നേതാവ് വിമര്‍ശിച്ചിരുന്നു.
പിന്നാലെ യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരും സിനിമാ താരങ്ങള്‍ക്ക് നേരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഒരു ഇന്‍കം ടാക്സ് റെയ്ഡ് നടന്നാല്‍ അത് രാഷ്ട്രീയ പകപോക്കലായി കണീരൊഴുക്കുക്കരുതെന്നായിരുന്നു സന്ദീപിന്റെ വിമര്‍ശനം. ഇതിനും ശക്തമായ മറുപടി തന്നെ കമല്‍ നല്‍കുന്നുണ്ട്.
കമലിന്റെ മറുപടി ഇങ്ങനെ;
കുമ്മനത്തിനുള്ള മറുപടി; ഞങ്ങളുടെയൊക്കെ രാജ്യസ്നേഹം അളക്കാനുള്ള മീറ്റര്‍ ബി.ജെ.പിക്കാരുടെ കയ്യിലാണോയെന്നും രാജ്യസ്നേഹം അളക്കാനുള്ള മീറ്ററുമായിട്ടാണോ കുമ്മനം രാജശേഖരന്‍ നടക്കുന്നത് എന്ന് തനിക്ക് അറിയില്ല. ബിജെപി നേതാവാണെന്ന് പറഞ്ഞ് ഇത്തരം വിടുവായത്തം പറയുന്നത് ശരിയല്ല. ഞങ്ങള്‍ ഈ നാട്ടിലെ പൗരന്മാരാണെന്റെ സാറേ. സിനിമാക്കാര്‍ വേറെ ഏതെങ്കിലും നാട്ടില്‍ നിന്ന് വന്നവരാണോ? കുമ്മനം രാജശേഖരന്‍ അത് മനസിലാക്കണം.
ഇന്ത്യ മുഴുവന്‍ പ്രതിഷേധിക്കുകയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്ലാവരും തെരുവിലിറങ്ങുകയും ചെയ്യുമ്പോള്‍ സിനിമാക്കാര്‍ എന്ന രീതിയില്‍ ഞങ്ങളെ വേറൊരു രാജ്യത്തെ ആള്‍ക്കാരായി കണക്കാക്കുന്നത് ശരിയല്ല. കുറേനാളായി പാകിസ്താനിലേക്ക് പോ ചന്ദ്രനിലേക്ക് പോ എന്നൊക്കെ പറഞ്ഞ് ഇവര്‍ തുടങ്ങിയിട്ട്. ഇതൊക്കെ കുമ്മനം രാജശേഖരന്‍ അയാളുടെ വേറെ ഏതെങ്കിലും വേദിയില്‍ പറഞ്ഞാല്‍ മതി. ഞങ്ങളുടെ അടുത്ത് പറയണ്ട. കലാകാരന്‍മാരുടെ അടുത്ത് കളിക്കണ്ട. അതാണ് പറയാനുള്ളത്.
സന്ദീപ് വാര്യരോടുള്ള മറുപടി; സന്ദീപ് വാര്യര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോ ഇന്ത്യയിലെ ഇന്‍കം ടാക്സ് കമ്മീഷണറോ അല്ലല്ലോയെന്നും ഞങ്ങള്‍ ഇന്‍കം ടാക്സ് അടക്കുന്നുണ്ടോ ഇല്ലയോ എന്ന് അദ്ദേഹമല്ല തീരുമാനിക്കുന്നത്. ഇത്തരം രീതിയിലുള്ള ഭീഷണികളാണല്ലോ കുറേകാലമായി അവര്‍ നടത്തുന്നത്. ഞങ്ങള്‍ രാജ്യസ്നേഹമില്ലാത്തവരാണ് നികുതി വെട്ടിപ്പിക്കുന്നതാണ് എന്നെല്ലാമാണ് പറയുന്നത്. ഇന്ത്യ മുഴുവന്‍ പ്രതിഷേധം നടക്കുന്നു.
വിദ്യാര്‍ത്ഥികളും രാഷ്ട്രീയം ഉള്ളവരും ഇല്ലാത്തവരുംഎല്ലാം പ്രതിഷേധിക്കുന്നു. പിന്നെ കലാകാരന്‍മാരും സിനിമാക്കാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും പ്രതിഷേധിക്കുമ്പോള്‍ മാത്രം ഇവര്‍ക്കെന്താണ് ഇത്രയും കലിപ്പ്. ഇവര്‍ ഭയപ്പെടുന്നത് ഞങ്ങളെപ്പോലുള്ള കലാകാരന്‍മാരേയും എഴുത്തുകാരേയും ബുദ്ധിജീവികളേയും ഒക്കെത്തന്നെയാണ്.
അതാണ് സത്യം. അതുകൊണ്ടാണ് അടൂര്‍ ഗോപാലകൃഷ്ണനോട് ചന്ദ്രനില്‍ പോകാന്‍ പറഞ്ഞത്. അതുകൊണ്ടാണ് രാമചന്ദ്ര ഗുഹയെപ്പോലുള്ളവരെ പിടിച്ച് അകത്തിടുന്നത്. അര്‍ബന്‍ നക്സലൈറ്റ് എന്ന് പറഞ്ഞ് മുദ്രകുത്താന്‍ ഇവര്‍ക്ക് എളുപ്പമാണല്ലോ. ഇതൊന്നും നടക്കാന്‍ പോകുന്നില്ല. ഞങ്ങളും ഇന്ത്യയിലെ പൗരന്മാരാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുമുണ്ടെന്ന് മനസിലാക്കിയാല്‍ മതി