കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കാന്‍ മുഖ്യമന്ത്രിയോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. എന്‍ആര്‍സി രാജ്യത്ത് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ല. അത് ആസാമിന് മാത്രം ബാധകമായ കാര്യമാണെന്നും നടപ്പിലാക്കാത്ത ഒരു നിയമത്തിന്റെ പേരിലാണ് ഇപ്പോള്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എന്തെങ്കിലും റോള്‍ വേണമെന്നും ഒരു റോളുമില്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അതുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണെന്നും മുരളീധരന്‍ പറഞ്ഞു. പൗരത്വ നിയമം നടപ്പിലാക്കുമ്പോള്‍ ഒരു മുസ്ലീം മത വിശ്വാസിയും പുറത്ത് പോവേണ്ടി വരില്ലെന്ന് പലതവണ ആവര്‍ത്തിച്ചിട്ടും എല്ലാം മനസിലായിട്ടും സമരങ്ങളുമായി മുന്നോട്ട് പോവാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.
എന്‍ആര്‍സി ആസാമിന് മാത്രം ബാധകമായ കാര്യമാണ്. കേരളത്തില്‍ നടപ്പിലാക്കാന്‍ പോകുന്നില്ലാത്ത ഒരു നിയമത്തിന്റെ പേരിലാണ് ഇവിടെ പ്രക്ഷോഭം. ജനസംഖ്യാ കണക്കെടുപ്പ് അടക്കം നിര്ത്തിവെച്ചിരിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കേണ്ടാ എന്നാണ് തീരുമാനിച്ചിരിക്കുന്നതെങ്കില്‍
പ്രശ്‌നമില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.