തിരൂര്‍: ശരീരം തളര്‍ന്ന രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ പാഞ്ഞ ആംബുലന്‍സിനെ വഴിമുടക്കി കാര്‍. രോഗിയുമായി കോട്ടയ്ക്കലിലേയ്ക്ക് പോകുന്നതിനിടെയാണ് സംഭവം. രണ്ടര കിലോമീറ്ററോളമാണ് കാര്‍ ആംബുലന്‍സിനെ വഴിമുടക്കിയത്. ഇതേ തുടര്‍ന്ന് രോഗി ചികിത്സ കിട്ടാതെ മരണമടഞ്ഞു. നിറമരുതൂര്‍ വള്ളിക്കാഞ്ഞിരം റോഡ് സ്വദേശിനി ആയിഷുമ്മു (47) വാണ് മരണപ്പെട്ടത്.
തിരൂര്‍ മിഷന്‍ ആശുപത്രിയില്‍നിന്ന് കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയിലേക്ക് അത്യാസന്ന നിലയിലുള്ള രോഗിയുമായിപോയ ആംബുലന്‍സിന്റെ വഴിയാണ് തിരൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആലിന്‍ ചുവടുവരെ കാര്‍ ഡ്രൈവര്‍ മുടക്കിയത്. 15 മിനിറ്റുകൊണ്ട് കോട്ടയ്ക്കല്‍ എത്തേണ്ട ആംബുലന്‍സ് അര മണിക്കൂര്‍ കൊണ്ടാണ് കോട്ടയ്ക്കലില്‍ എത്താന്‍ സാധിച്ചത്.
ആശുപത്രിയിലെത്തി അരമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് രോഗി മരണപ്പെട്ടത്. വഴിയില്‍വെച്ച് പലതവണ ആംബുലന്‍സ് മറികടന്നു പോകാന്‍ ശ്രമിച്ചെങ്കിലും കാര്‍ വഴിമുടക്കിത്തന്നെ പോകുകയായിരുന്നുവെന്നും ഒരുപക്ഷേ തടസമില്ലാതെ പോകാന്‍ കഴിഞ്ഞുവെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നും ആംബുലന്‍സ് ഡ്രൈവര്‍ മുസ്തഫ പറഞ്ഞു. വഴിമുടക്കിയ കാര്‍ഡ്രൈവറെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആംബുലന്‍സ് ഡ്രൈവര്‍ തിരൂര്‍ പോലീസിനും മോട്ടോര്‍വാഹന വകുപ്പിനും പരാതി നല്‍കി.