തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തിട്ടില്ല, പിന്നെയാണോ ഇന്ത്യ?; പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമറിയിച്ച് നിമിഷ സജയന്‍

മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടക്കുന്ന ലോങ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി നിമിഷ സജയന്‍

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധമുയരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. കൊച്ചിയിലും പ്രതിഷേധം ശക്തമാകുകയാണ്. അതിനിടെ മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടക്കുന്ന ലോങ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി നിമിഷ സജയന്‍.

ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസാരിക്കവെ വഴിയില്‍ കണ്ട ബോര്‍ഡിലെ വാചകം സൂചിപ്പിച്ച് തൃശൂര്‍ ചോദിച്ചിട്ട് കൊടുക്കാത്ത നമ്മള്‍ ഇന്ത്യ ചോദിച്ചാ കൊടുക്കുമോ? എന്ന് നിമിഷ ചോദിച്ചു. കൊച്ചിയിലെ രാജേന്ദ്ര മൈതാനത്ത് നിന്നാണ് ചലച്ചിത്ര പ്രവര്‍ത്തരുടെ മാര്‍ച്ച് ആരംഭിക്കുന്നത്. . സംവിധായകന്‍ കമല്‍, റിമ കല്ലിങ്കല്‍, ഷേയ്ന്‍ നിഗം, രഞ്ജിനി ഹരിദാസ്, ഗീതു മോഹന്‍ദാസ്, തുടങ്ങി ചലച്ചിത്രരംഗത്തുള്ള നിരവധി പേര്‍ പ്രതിഷേധ മാര്‍ച്ചില്‍ ഭാഗമാകും.

വിവിധ രാഷ്ട്രീയ നേതാക്കന്മാരും തൊഴിലാളികളും വിദ്യാര്‍ത്ഥികളും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കു ചേരാനായി എത്തിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലേക്കാണ് മാര്‍ച്ച് നടക്കുന്നത്. മറ്റ് പ്രതിഷേധ പരിപാടികളെല്ലാം ഫോര്‍ട്ട് കൊച്ചിയില്‍ നടക്കും. ഒറ്റയ്ക്കല്ല ഒറ്റക്കെട്ടാണ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാര്‍ച്ച്. ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പീപ്പിള്‍സ് ലോങ് മാര്‍ച്ചും ആരംഭിച്ചിട്ടുണ്ട്. കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് കൊച്ചി ഷിപ്പിയാര്‍ഡിലേക്കാണ് മാര്‍ച്ച് പുരോഗമിക്കുന്നത്.

Exit mobile version