തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രത്തെ അനുകൂലിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചുമുള്ള നിലപാടിനെ തുടര്‍ന്ന് കെ കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കോണ്‍ഗ്രസ് ഒഴിവാക്കിയേക്കും. ഗവര്‍ണര്‍ പങ്കെടുക്കുന്നതിലെ അഭിപ്രായ വ്യത്യാസം കെ. മുരളീധരന്‍ തുറന്നു പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് പരസ്യ വിമര്‍ശം ഉന്നയിച്ച സാഹചര്യത്തില്‍ അയ്യങ്കാളി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.
ദേശീയ പൗരത്വ നിയമഭേദഗതി ഗാന്ധിയും നെഹറുവും നല്‍കിയ വാഗ്ദാനമായിരുന്നുവെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന. ഇതിനെതിരെ യുഡിഎഫ് നേതൃത്വം രംഗത്തെത്തിയിട്ടും തന്റെ നിലപാടില്‍ ഉറച്ചു തന്നെ നില്‍ക്കുകയാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് കെ കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബഹിഷ്‌കരിക്കേണ്ട കാര്യം ആലോചിക്കേണ്ടിവരുമെന്ന് കെ. മുരളീധരന്‍ പറഞ്ഞത്. നേരത്തെ നിശ്ചയിച്ച കെ കരുണാകരന്‍ അനുസ്മമരണ പരിപാടിയില്‍ ഗവര്‍ണറായിരുന്നു ഉദ്ഘാടകന്‍. തന്റെ നിലപാട് സംഘാടകരെ അറിയിച്ചിട്ടുണ്ടെന്നും പരിപാടിയില്‍ പങ്കെടുക്കുമോ എന്ന് വൈകിട്ട് അറിയാമെന്നും മുരളി പറഞ്ഞു.
Discussion about this post