ജലാശയങ്ങള്‍ നശിപ്പിച്ചിരുന്ന കുളവാഴ ഇനി കൊല്ലത്തിന്റെ കല്പസസ്യം

കുളവാഴ പള്‍പ്പാക്കിമാറ്റി അതുപയോഗിച്ച് കൗതുകവസ്തുക്കള്‍, ഡിസ്‌പോസിബിള്‍ പ്ലേറ്റ്, ഫയല്‍ ബോര്‍ഡ്, ട്രേ തുടങ്ങിയവ നിര്‍മിക്കാം.

കൊല്ലം : കൊല്ലം കോര്‍പ്പറേഷന്‍ പുഴകളെയും കായലുകളെയും നശിപ്പിച്ചിരുന്ന കുളവാഴകൊണ്ട് പണമുണ്ടാക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍. ജലാശയങ്ങള്‍ സംരക്ഷിക്കാനായി കുളവാഴ നീക്കാന്‍ ലക്ഷക്കണക്കിന് രൂപ വെള്ളത്തിലൊഴുക്കുന്നതിനുപകരം അതുപയോഗിച്ച് ഉത്പന്നങ്ങള്‍ ഉണ്ടാക്കാനാണ് ഇവരുടെ ശ്രമം.

കുളവാഴയെ കല്പസസ്യമാക്കി അവതരിപ്പിക്കാനും പരമാവധി ഉപയോഗിക്കാനുമാണ് ശ്രമം. കുളവാഴ പള്‍പ്പാക്കിമാറ്റി അതുപയോഗിച്ച് കൗതുകവസ്തുക്കള്‍, ഡിസ്‌പോസിബിള്‍ പ്ലേറ്റ്, ഫയല്‍ ബോര്‍ഡ്, ട്രേ തുടങ്ങിയവ നിര്‍മിക്കാം. കൂണ്‍ വളര്‍ത്താന്‍ വൈക്കോലിനുപകരമായും ചെടി വളര്‍ത്താന്‍ പ്ലാസ്റ്റിക് ഗ്രോ ബാഗുകള്‍ക്ക് പകരമായും കുളവാഴ ഉത്പന്നങ്ങള്‍ ഉപയോഗിക്കാം.

കത്തിക്കാനുള്ള വിറകായും ജൈവവളമായും നിറങ്ങള്‍ നിര്‍മിക്കാനുള്ള അസംസ്‌കൃതവസ്തുവായുമൊക്കെ കുളവാഴ ഉപയോഗിക്കാന്‍ കഴിയും. ഇത്തരം സാധ്യതകളൊക്കെ കോര്‍പ്പറേഷന്‍ പരിഗണിക്കും. ആലപ്പുഴ എസ്ഡി കോളേജിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ അക്വാട്ടിക് റിസോഴ്‌സിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

Exit mobile version