കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്താകെ വിദ്യാർത്ഥികളുടെ ഉൾപ്പടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. വ്യത്യസ്തങ്ങളായ നിരവധി സമരങ്ങളും പ്രതിഷേധങ്ങളും ഇതിനിടെ കാണാനായി. ഇതിനിടെയാണ് ഹിജാബ് ധരിച്ച് ‘വസ്ത്രം കൊണ്ട് തിരിച്ചറിയൂ’ എന്ന് ആവശ്യപ്പെട്ട് മലയാളി വിദ്യാർത്ഥിനിയായ ഇന്ദുലേഖ പാർത്ഥൻ സോഷ്യൽമീഡിയയിൽ വൈറലായത്. കൊച്ചിയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെയാണ് ഹിജാബ് ധരിച്ചെത്തി ഇന്ദുലേഖ വ്യത്യസ്തമായ സമരരീതിയുടെ ഭാഗമായത്.
രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലാതിരുന്ന ഇന്ദുലേഖ കൊച്ചിയിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തെപ്പറ്റി അറിയുകയും അതിന്റെ ഭാഗമാകുകയുമായിരുന്നു. 15 കോളേജുകളിലെ വിദ്യാർത്ഥികളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ‘മിസ്റ്റർ മോഡി, ഞാൻ ഇന്ദുലേഖ. എന്നെ വേഷം കൊണ്ട് തിരിച്ചറിയൂ’ എന്നെഴുതിയ പ്ലക്കാർഡും കയ്യിലേന്തി ഹിജാബ് ധരിച്ചാണ് ഇന്ദുലേഖ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയത്.
എറണാകുളം ഗവ. ലോ കോളേജിലെ ഒന്നാം വർഷ നിയമ വിദ്യാർത്ഥിനിയാണ് ഇന്ദുലേഖ. വിദ്യാർത്ഥിനിയെ അഭിനന്ദിച്ച് മുൻ എംപിയും സിപിഎം നേതാവുമായ എംബി രാജേഷും രംഗത്തെത്തി. സർഗാത്മകവും കുറിക്ക് കൊള്ളുന്നതുമായ പ്രതിഷേധം നടത്തിയ ഇന്ദുലേഖയെച്ചൊല്ലി അഭിമാനിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.
‘പ്രതിഷേധത്തെ കുറിച്ച് ചർച്ച ചെയ്യാനായി രാവിലെ എത്തിയപ്പോൾ വ്യത്യസ്തമായ ആശയങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചിരുന്നു. പെട്ടെന്ന് എനിക്ക് തോന്നിയ ആശയമാണ് ഹിജാബ് ധരിക്കുക എന്നത്. എന്നാൽ നടി അനശ്വര രാജൻ ഹിജാബ് ധരിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായി ആരോ പറഞ്ഞു. ഞാൻ ആ ചിത്രം കണ്ടിരുന്നില്ല. ഹിജാബ് ധരിച്ച് ഈ സന്ദേശമടങ്ങിയ പ്ലക്കാർഡും കയ്യിലേന്തി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. മുസ്ലിം അല്ലാത്ത ഒരാൾ മുസ്ലിം വേഷം ധരിച്ചു കൊണ്ട് പൗരത്വ നിയമ ഭേദഗതിക്കെതിരെയും എൻആർസിക്കെതിരെയും നടത്തുന്ന പ്രതിഷേധത്തിലൂടെ പോസിറ്റീവായ സന്ദേശം നൽകാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാൽ പലരും സോഷ്യൽ മീഡിയയിലൂടെ ഇതിനെതിരെ നെഗറ്റീവ് കമൻറുകളുമായി എത്തിയെന്നും ചിലരൊക്കെ തന്നെ പിന്തുണച്ച് സംസാരിച്ചെന്നും ഇന്ദുലേഖ പറഞ്ഞതായി ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post