ആലപ്പുഴ: മുൻ മന്ത്രിയും എംഎൽഎയുമായ തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ജന്മനാടായ ആലപ്പുഴയിൽ പൊതുദർശനത്തിനും സംസ്കാര ചടങ്ങുകൾക്കുമായി എത്തിക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതൽ ടൗൺ ഹാളിലാണ് പൊതുദർശനം. തുടർന്ന് കുട്ടനാട് ചേന്നംകരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ ഉച്ചയ്ക്ക് രണ്ടിന് സെന്റ് പോൾസ് മർത്തോമ്മ പളളി സെമിത്തേരിയിലാണ് സംസ്കാരം. അർബുദ ബാധിതനായിരുന്ന തോമസ് ചാണ്ടി വെളളിയാഴ്ച കൊച്ചിയിലെ വസതിയിൽ ചികിത്സയ്ക്കിടെയുള്ള വിശ്രമത്തിനിടെയാണ് അന്തരിച്ചത്.
എറണാകുളം കടവന്ത്രയിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് കഴിഞ്ഞ പത്ത് വർഷത്തിലേറെയായി രാജ്യത്തും വിദേശത്തും വിവിധ ആശുപത്രികളിൽ അദ്ദേഹം ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ റേഡിയേഷൻ അടക്കമുള്ള ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നു. ഇതിനിടെ ആരോഗ്യനില കൂടുതൽ വഷളായി മരണപ്പെടുകയായിരുന്നു.
തോമസ് ചാണ്ടി പിണറായി മന്ത്രിസഭയിൽ ഏഴ് മാസക്കാലം ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. വിവാദങ്ങളെ തുടർന്ന് പദവി രാജിവച്ച അദ്ദേഹം എൻസിപിയുടെ സംസ്ഥാന അധ്യക്ഷനായി. നിയമസഭയിലെ ഏറ്റവും സമ്പന്നനായ എംഎൽഎ എന്ന വിശേഷണവും തോമസ് ചാണ്ടിക്ക് സ്വന്തമായിരുന്നു. വിദേശത്തും സ്വദേശത്തുമായി അദ്ദേഹത്തിന് നിരവധി സ്ഥാപനങ്ങളുണ്ട്. കുവൈറ്റ് കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ ബിസിനസിലേറെയും.
Discussion about this post