തിരുവനന്തപുരം: പൗരത്വനിയമത്തില്‍ നിന്നും വിട്ടുവീഴ്ചയില്ലെന്നും പ്രതിപക്ഷം വ്യാജപ്രചാരണം നടത്തുകയാണെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ജാതിയും മതവുമല്ല പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ മാനദണ്ഡമെന്നു പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി അത് പ്രവൃത്തിയിലാണ് തെളിയിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയ നീക്കങ്ങളെ കുറിച്ച് ജനങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ വസ്തുനിഷ്ഠമായ മറുപടികള്‍ക്ക് പകരം വികാരപ്രകടനം കൊണ്ട് നേരിടാമെന്നത് ആശാസ്യമായ രീതിയല്ല. നോട്ട് നിരോധനകാലത്തു അമ്പതു ദിവസം തരൂ എന്ന് പ്രസംഗിച്ച പ്രധാനമന്ത്രി പിന്നീട് അക്കാര്യം മിണ്ടിയിട്ടില്ല. അന്നത്തെ അതേ വികാരപ്രകടനമാണ് ഇപ്പോഴും കാണുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മതം നോക്കിയല്ല സര്‍ക്കാര്‍ വികസനം നടത്തുന്നതെന്ന് ഡല്‍ഹി രാംലീല മൈതാനിയില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രധാനമന്ത്രി മോഡി പറഞ്ഞിരുന്നു. ജനങ്ങളുടെ ജാതിയോ മതമോ ഞങ്ങള്‍ ഒരിക്കലും ചോദിച്ചിട്ടില്ല. ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കുക മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. നിയമഭേദഗതി രാജ്യത്തെ ഒരാളുടെയും പൗരത്വം എടുത്തുകളയാനല്ല. അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനാണ്. നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാനാവില്ലെന്നും മോഡി പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായാണ് പിണറായി രംഗത്തെത്തിയത്.
Discussion about this post