തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് തള്ളി മുസ്ലിം ലീഗ്. കോൺഗ്രസിനകത്ത് നിന്നു തന്നെ മുല്ലപ്പള്ളിക്ക് വിമർശനം നേരിടുന്നതിനിടെയാണ് സിപിഎമ്മുമായി യോജിച്ച പ്രക്ഷോഭം നടത്തുന്ന വിഷയത്തിൽ കെപിസിസി അധ്യക്ഷന്റെ നിലപാടിനോട് ശക്തമായ വിയോജിപ്പാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുമുന്നണിയുമായി യോജിച്ച സമരമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തതാണ് ശരിയായ നിലപാട്. വിഷയത്തിൽ ദേശീയ തലത്തിലും കോൺഗ്രസും സിപിഎമ്മും ഒരുമിച്ചാണ് പ്രക്ഷോഭം നടത്തുന്നതെന്ന കാര്യം കെപിഎ മജീദ് ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, വിഷയത്തിൽ മുല്ലപ്പള്ളിയുടെ നിലപാട് തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവന പുറത്തുവിട്ടിരുന്നു. പൗരത്വ ബില്ലിനെതിരെ കോൺഗ്രസും സിപിഎമ്മും സഹകരിച്ച് പ്രതിഷേധത്തിന് ഇറങ്ങിയിട്ടും അതിൽ നിന്നും വിട്ടുനിൽക്കുകയും സഹകരണത്തെ വിമർശിക്കുകയും ചെയ്ത മുല്ലപ്പള്ളിയുടെ നടപടി അങ്ങേയറ്റം സങ്കുചിതമാണെന്ന് സിപിഎം സെക്രട്ടേറിയറ്റ് പുറത്തു വിട്ട വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തിയിരുന്നു. ദേശീയതാത്പര്യം മുൻനിർത്തി സംയുക്ത പ്രക്ഷോഭത്തിന് ഇറങ്ങിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുസ്‌ലീം ലീഗ് എന്നിവരെ സിപിഎം പ്രശംസിക്കുകയും ചെയ്തിരുന്നു.