ഇറച്ചിയും മീനും സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് കവറുകള്‍ തുടര്‍ന്നും ഉപയോഗിക്കാം; പ്ലാസ്റ്റിക് നിരോധനത്തില്‍ തിരുത്ത്

ഉപയോഗ ശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പാരിസ്ഥിതിക-ആരോഗ്യപ്രശ്നമായി വളര്‍ന്ന സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരുന്ന പ്ലാസ്റ്റിക് നിരോധനത്തില്‍ തിരുത്ത്. മുറിച്ചുവെച്ച ഇറച്ചിയും മീനും സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് കവറുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. ഈ രംഗത്തെ സംഘടനകളുടെ ആവശ്യം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.

കൂാടാതെ ബിവറേജസ് കോര്‍പ്പറേഷന്‍, കേരഫെഡ്, മില്‍മ, ജലഅതോറിറ്റി തുടങ്ങിയ പ്ലാസ്റ്റിക് പാക്കേജിങ് നടത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉപയോഗ ശേഷമുള്ള പ്ലാസ്റ്റിക് ശേഖരിച്ച് നീക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. പുതുവര്‍ഷത്തില്‍ പ്ലാസ്റ്റിക് നിരോധനം നടപ്പില്‍ വരും. ഉപയോഗ ശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പാരിസ്ഥിതിക-ആരോഗ്യപ്രശ്നമായി വളര്‍ന്ന സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിര്‍മ്മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചെറുകിടവില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് 10,000 രൂപ പിഴ ചുമത്തും. രണ്ടാമതും നിയമം ലംഘിക്കുകയാണെങ്കില്‍ 25,000 രൂപയാണ് പിഴ. തുടര്‍ന്നും നിയമം ലംഘിച്ചാല്‍ 50,000 രൂപ പിഴയീടാക്കി സ്ഥാപനത്തിന്റെ പ്രവര്‍ത്താനുമതി റദ്ദാക്കും.

നിരോധിച്ചവ

* കടകളില്‍നിന്ന് പഴവും പച്ചക്കറിയും പ്ലാസ്റ്റിക് കവറുകളില്‍ നല്‍കുന്നത് * പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍ * അരലിറ്ററില്‍ താഴെയുള്ള കുടിവെള്ളക്കുപ്പികള്‍ (അരലിറ്ററിന് മുകളിലുള്ള കുടിവെള്ള കുപ്പികളും പെറ്റ് ബോട്ടിലുകളും ഉത്പാദകര്‍ തിരിച്ചെടുക്കണം.) * ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പുകളില്‍ ഉള്‍പ്പെട്ട ടംബ്ലറുകള്‍, പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചുകള്‍.

ഒഴിവാക്കിയവ

* മുന്‍കൂട്ടി അളന്നുവെച്ച ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, പഞ്ചസാര, ധാന്യപ്പൊടികള്‍ എന്നിവ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകള്‍ * ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെ പായ്ക്കറ്റുകള്‍ (ഇവ ഉത്പാദകരും വിതരണക്കാരും ഇറക്കുമതിക്കാരും ഉപഭോക്താക്കളില്‍നിന്ന് തിരികെ ശേഖരിക്കാന്‍ പദ്ധതി തയ്യാറാക്കണം.) * ബ്രാന്‍ഡഡ് ജ്യൂസ് പാക്കറ്റുകള്‍. പായ്ക്കറ്റുകള്‍ ഉത്പാദകര്‍ ഉപഭോക്താക്കളില്‍ നിന്ന് തിരികെ ശേഖരിക്കണം * ഭക്ഷണവും മുറിച്ച പച്ചക്കറിയും പൊതിയാന്‍ ഉപയോഗിക്കുന്ന ക്ലിങ്ഫിലിം *കയറ്റുമതി ചെയ്യാന്‍ നിര്‍മിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍, ആരോഗ്യ പരിപാലനരംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപകരണങ്ങള്‍, കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക്.

Exit mobile version