തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി തെരുവിൽ പ്രക്ഷോഭം നടത്തുമ്പോൾ സ്വകാര്യ റിസോർട്ടിൽ ഫോട്ടോഷൂട്ട് നടത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിവാദത്തിൽ. കോവളത്തെ റാവിസ് റിസോർട്ടിലാണ് കുടുംബസമേതം ആർത്തുല്ലസിച്ച് പ്രതിപക്ഷ നേതാവ് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ട് നടത്തിയ സ്വകാര്യ കമ്പനി ഞായറാഴ്ച ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
പാർലമെന്റിനെ പ്രക്ഷുബ്ധമാക്കിയ പൗരത്വ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ രാജ്യവ്യാപകമായി കനത്ത പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയും ചെയ്ത 13ാം തീയതിയായിരുന്നു രമേശ് ചെന്നിത്തലയുടെയും കുടുംബത്തിന്റേയും ഫോട്ടോഷൂട്ട്. ഈ ഡിസംബർ 13നാണ് ഫോട്ടോഷൂട്ട് നടത്തിയതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്ന ഫോട്ടോഷൂട്ട് നടത്തിയ സ്വകാര്യകമ്പനി വിമർശനങ്ങൾ ശക്തമായതോടെ ഇക്കാര്യം എഡിറ്റ് ചെയ്ത് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
കോൺഗ്രസും സിപിഎമ്മും ഉൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികൾ ലോക്സഭയിലും രാജ്യസഭയിലും ബില്ലിനെതിരെ ഒറ്റക്കെട്ടായി ശബ്ദമുയർത്തിയിട്ടും ബില്ല് നിയമമായി മാറിയതിന്റെ നിരാശയിൽ കഴിയുമ്പോൾ ഡിസംബർ 13ാം തീയതി കേരളത്തിലെ തലമുതിർന്ന കോൺഗ്രസ് നേതാവ് കാണിച്ച ഉത്തരവാദിത്വമില്ലായ്മയെ പാർട്ടി അണികളും ഇതോടെ ചോദ്യം ചെയ്യുകയാണ്. കോൺഗ്രസിന് ഏറ്റവുമധികം എംപിമാരെ സമ്മാനിച്ച കേരളത്തിലെ നേതാവിന്റെ തന്നെ ഈ നടപടിക്കെതിരെ പാർട്ടിക്കുള്ളിലും വൈകാതെ പൊട്ടിത്തെറി ഉറപ്പായിരിക്കുകയാണ്.
ലോക്സഭയിലും രാജ്യസഭയിലും ശക്തമായ വാദപ്രതിവാദങ്ങൾ നടക്കുകയും രാജ്യം പൗരത്വ ഭേദഗതി നിയമത്തിന്റെ ഭാവിയെ കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്നതിനിടെ യുപിഎ കക്ഷികളും സിപിഎം ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളും യോജിച്ച് വിവിധ തരത്തിലുള്ള പ്രതിഷേധങ്ങൾ രാജ്യമെമ്പാടും സംഘടിപ്പിച്ചിരുന്നു. ഇതിനിടെയിലാണ് കേരളത്തിൽ പൗരത്വ ഭേദഗതിക്ക് എതിരായ സമരത്തിന് നേതൃത്വം നൽകേണ്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭാര്യയോടും മക്കളോടും മരുമകളോടുമൊപ്പം അത്യാഢംബര റിസോർട്ടിൽ ഫോട്ടോഷൂട്ട് നടത്തി വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കേരളത്തിൽ ലക്ഷക്കണക്കിന് ആളുകൾ പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് തെരുവിൽ പ്രക്ഷോഭം നയിക്കുന്നതിനിടെ ആഘോഷങ്ങളുടെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചും ചെന്നിത്തല ഔചിത്യമില്ലായ്മയ്ക്ക് ഉദാഹരണമായിരിക്കുകയാണ്.
അതേസമയം, ഈ ഫോട്ടോഷൂട്ട് നേതാക്കളുടെ ഇഷ്ടവും വ്യക്തി സ്വാതന്ത്ര്യവും ഒക്കെ തന്നെയാണെങ്കിലും ഈ ചിത്രങ്ങൾ ഇടതുപക്ഷത്തെ നേതാക്കളുടേത് ആരുടേതെങ്കിലും ആയിരുന്നു എങ്കിൽ ഉയരാൻ പോകുന്ന വിമർശനങ്ങൾ ചെറുതാകില്ലെന്നും സോഷ്യൽമീഡിയ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ഇതിനെ രാഷ്ട്രീയവത്കരിക്കരുത് എന്നാണ് ഫോട്ടോഷൂട്ട് നടത്തിയ കമ്പനി അഭ്യർത്ഥിക്കുന്നത്.
10ാം തീയതി ലോക്സഭയും 11ാം തീയതി രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിൽ 12ാം തീയതി രാത്രിയോടെയാണ് രാഷ്ട്രപതി ബില്ലിൽ ഒപ്പ് വെച്ചത്. തൊട്ടുപിന്നാലെ പൗരത്വ ഭേദഗതി നിയമമാക്കി കൊണ്ട് കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനവും ഇറക്കിയിരുന്നു. ഇതോടെ ആസാമിലും മറ്റ് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലും യുപിയിലും ബംഗാളിലും നിയമത്തിനെതിരായി വലിയ പ്രക്ഷോഭമാണ് അരങ്ങേറിയത്. ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയും അലിഗഢ് സർവകലാശാലയും ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിഷേധങ്ങൾ പോലീസ് അടിച്ചമർത്താൻ ശ്രമിച്ചിട്ടും തെല്ലും അടങ്ങിയിട്ടില്ല. കേരളത്തിലും പ്രതിഷേധം ശക്തമാവുകയാണ്.
Discussion about this post