ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായ ബന്ധപ്പെട്ട ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ച് ജനുവരി മുതല്‍ പരിഗണിക്കും. ഏഴംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസും ഭാഗമാകും. ശബരിമല യുവതി പ്രവേശനവിഷയം അടിയന്തരമായി പരിഗണിക്കുമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഇതുവരെയും ഏഴംഗ ബെഞ്ച് രൂപീകരിച്ചിട്ടില്ലെങ്കിലും ജനുവരി ആദ്യ വാരം ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും.
ഹര്‍ജികള്‍ പരിഗണിക്കുന്നത് വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തില്‍ നിലവില്‍ ഫയല്‍ ചെയ്തിട്ടുള്ള പേപ്പര്‍ ബുക്കിന്റെ നാല് സെറ്റ് കൂടി കൈമാറണം എന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി അസിസ്റ്റന്റ് റെജിസ്ട്രാര്‍ എല്ലാ കക്ഷികള്‍ക്കും കത്ത് നല്കി. നേരത്തെ ഹര്‍ജികള്‍ പരിഗണിച്ചിരുന്നത് അഞ്ചംഗ ബെഞ്ചായിരുന്നു. അതിനാല്‍ ആറ് പേപ്പര്‍ ബുക്കുകളാണ് ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചിരുന്നത്. ഇപ്പോള്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് ഏഴംഗ ഭരണഘടനാ ബെഞ്ചായതിനാലാണ് പേപ്പര്‍ ബുക്കിന്റെ നാല് സെറ്റ് കൂടി കൈമാറണം എന്ന് നിര്‍ദേശിച്ചത്.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് എഴുപതോളം ഹര്‍ജികളാണ് ഏഴ് അംഗ ഭരണഘടന ബെഞ്ച് പരിഗണിക്കുന്നത്. യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരായുള്ള ഹര്‍ജികളും 2006ല്‍ യുവതി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജികളുമാണ് ജനുവരിയില്‍ പരിഗണിക്കുന്നത്. അതേസമയം വിധി നടപ്പിലാക്കുന്നതിന് സാവകാശംതേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്കിയ അപേക്ഷയും ലിസ്റ്റ് ചെയ്തിട്ടുണ്ട്.