ന്യൂഡല്‍ഹി: ശബരിമവ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ജനുവരി മുതല്‍ പരിഗണിച്ചേക്കും. പ്രവേശനം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് 2006 ല്‍ നല്‍കിയ റിട്ട് ഹര്‍ജിയും, 2018 ലെ വിധിക്ക് എതിരെ നല്‍കിയിരിക്കുന്ന 50 ല്‍ അധികം പുനഃ പരിശോധന ഹര്‍ജികളുമാണ് ജനുവരിയില്‍ പരിഗണിക്കുന്നത്.
സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക. കേസിലെ എല്ലാ കക്ഷികളോടും നാല് സെറ്റ് പേപ്പര്‍ ബുക്ക് കൂടി കൈമാറാന്‍ സുപ്രീം കോടതി രജിസ്ട്രറി നിര്‍ദേശിച്ചു.
കഴിഞ്ഞ മാസമാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള വിധി ഏഴംഗ ബെഞ്ചിന് വിട്ടത്. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം എന്ന വിധി സ്റ്റേ ചെയ്യാതെയാണ് ഏഴംഗ ബെഞ്ചിന് വിട്ടിരുന്നത്.
തുടര്‍ന്ന് ശബരിമലയില്‍ പ്രവേശനം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് യുവതികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ യുവതികള്‍ വിശാല ബെഞ്ചിന്റെ വിധി വരുന്നതുവരെ കാത്തിരിക്കണമെന്നാണ് കഴിഞ്ഞാഴ്ച കോടതി വ്യക്തമാക്കിയത്.
ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനു സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
Discussion about this post