ശബരിമല: ശബരിമലയില്‍ ഇത്തവണ വന്‍ ഭക്തജന പ്രവാഹമാണ്. ഇതുവരെ 22ലക്ഷത്തോളം അയ്യപ്പ ഭക്തരാണ് മല ചവിട്ടിയത്. അതേസമയം സൂര്യഗ്രഹണദിന ദര്‍ശനത്തിന് ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. തങ്കയങ്കി ഘോഷയാത്രയോട് അനുബന്ധിച്ച് കൂടുതല്‍ സുരക്ഷാ ക്രമീകരണവും ശബരിമലയില്‍ ഒരുക്കിയിട്ടുണ്ട്.
വലയ സൂര്യഗ്രഹണദിനമായ ഡിസംബര്‍ 26ന് രാവിലെ ഏഴരമുതല്‍ പതിനൊന്നരവരെയാണ് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചക്ക് ശേഷമാണ് തങ്കയങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുക. തുടര്‍ന്ന് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും.
കഴിഞ്ഞ ദിവസം എണ്‍പതിനായിരത്തോളം അയ്യപ്പ ഭക്തരാണ് ദര്‍ശനം നടത്തിയത്. അവധിക്കാലം ആരംഭിച്ചതിനാല്‍ തിരക്ക് അനുദിനം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ മരക്കൂട്ടത്ത് കൂടുതല്‍ പോലീസിനെ വിന്യസിക്കും. ഇരുപത്തിയേഴിന് ശബരിമല നട അടയ്ക്കും. പിന്നീട് 30 ന് വൈകീട്ട് അഞ്ച് മണിക്ക് ശേഷം മകരവിളക്കിനായാണ് നട തുറക്കുക.