കൊച്ചി: കൊച്ചിയില്‍ ഏറ്റവും മോശം അവസ്ഥയിലുള്ള റോഡുകള്‍ കോര്‍പ്പറേഷന്റെ കീഴിലുള്ളവയാണെന്ന് ഹൈക്കോടതി അമിക്കസ് ക്യൂറി. നഗരത്തിലെ റോഡിന്റെ ശോചനീയാവസ്ഥ വ്യക്തമാക്കുന്ന നൂറ്റിയമ്പതിലധികം ചിത്രങ്ങളാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. പാലാരിവട്ടത്ത് യുവാവ് കുഴിയില്‍ വീണ് മരിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.
കൊച്ചി നഗരത്തിലെ റോഡുകളുടെ സ്ഥിതി പരിശോധിക്കാന്‍ ഹെക്കോടതി നിയോഗിച്ച മൂന്നംഗ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലാണ് കൊച്ചി നഗരസഭയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കൊച്ചി നഗരത്തിലെ ഏറ്റവും മോശം റോഡുകള്‍ നഗരസഭയ്ക്ക് കീഴിലുള്ളതാണെന്നും കാല്‍നടയാത്രക്കാരാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നതെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം ജില്ലാ കളക്ടറുടെ മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തന്നെ പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തെ കുഴിയില്‍ വീണ് മരിച്ച യദുലാലിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി എടുത്ത കുഴിയില്‍ വീണാണ് യുവാവ് മരിച്ചത്. ഈ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
Discussion about this post