ആലപ്പുഴ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം കോണ്‍ഗ്രസ് ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. നരേന്ദ്ര മോഡി എത്ര പരിശ്രമിച്ചാലും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൗരത്വ നിയമഭേദഗതി നടപ്പാക്കില്ലെന്നും കോണ്‍ഗ്രസ് പിന്തുണ നല്കുന്ന മഹാരാഷ്ട്രയിലും ഈ നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ഇതിന് തീരുമാനം എടുത്തിട്ടുണ്ടെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.
അതേസമയം ഇന്ത്യയെ മതപരമായും ജാതീയമായും ഭിന്നിപ്പിക്കുന്ന നിയമ ഭേദഗതിക്കെതിരായ പോരാട്ടത്തിന് രാഹുല്‍ ഗാന്ധി നേരിട്ട് രംഗത്തിറങ്ങുമെന്നും അവസാനത്തെ കോണ്‍ഗ്രസുകാരനും മരിച്ചുവീഴുന്നതുവരെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പോരാട്ടം തുടരുമെന്നും യോജിക്കാവുന്ന എല്ലാ കക്ഷികളുമായും ചേര്‍ന്നുള്ള പോരാട്ടമാണ് ദേശീയതലത്തില്‍ കോണ്‍ഗ്രസ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് കേരളത്തിലെ ജില്ലകളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജനമുന്നേറ്റ പ്രതിഷേധ സംഗമങ്ങള്‍ നടത്തുണ്ട്. ആലപ്പുഴയിലെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുന്നത് കെസി വേണുഗോപാല്‍ ആണ്.
Discussion about this post