പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് എത്തിയ കേസില്‍ അറസ്റ്റിലായ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പുറംലോകം കാണുന്ന കാര്യത്തില്‍ ഇനിയും ദിവസങ്ങള്‍ നീളും. റിമാന്‍ഡില്‍ കഴിയുന്ന നേതാവിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പുതിയ കേസെടുത്തു. ഇതോടെയാണ് സുരേന്ദ്രന്റെ ജയില്‍മോചനം നീളുന്നത്.
സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കുയാണെന്ന് ആരോപിച്ച് ബിജെപി പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള എസ് യതീഷ് ചന്ദ്രക്കെതിരെ കേന്ദ്രസര്‍ക്കാറിന് പരാതി നല്‍കുമെന്നും പറഞ്ഞു. ശബരിമലയിലേക്കുള്ള യാത്രക്കിടെ നിരോധാനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ കെ സുരേന്ദ്രന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കണ്ണൂരില്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസ് ഉള്ളതിനാല്‍ ജയില്‍ മോചനം നീളുകയായിരുന്നു.
ഇതിനിടെയാണ് പുതിയ കേസ്. ചിത്തിര ആട്ട വിശേഷ നാളില്‍ 52 കാരിയായ ലളിതയെന്ന തീര്‍ത്ഥാടകയെ ആക്രമിച്ചതില്‍ ഗൂഡാലോചന നടത്തിയെന്നാണ് കേസ്. 120 ബി ചുമത്തിയാണ് പത്തനംതിട്ട കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കെ. സുരേന്ദ്രന്‍ ഇപ്പോള്‍ കൊട്ടാരക്കര സബ് ജയിലില്‍ തുടരുകയാണ്. കണ്ണൂരിലെ കേസില്‍ 26ന് ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശം.
Discussion about this post