തൃശ്ശൂർ: പൗരത്വ ഭേദഗതിയെ ഈ രാജ്യത്തെ ഭൂരിപക്ഷം പൗരന്മാരും എന്തുകൊണ്ട് എതിർക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാവുകയാണ് പാലക്കാട് ആനക്കര പഞ്ചായത്തിലെ മേലഴി സ്വദേശിയായ ഓട്ടോ ഡ്രൈവർ കുഞ്ഞുകുട്ടൻ. രാജ്യത്തിന്റെ അതിർത്തിക്ക് ഉള്ളിൽ ജീവിക്കുന്ന ഏതൊരാൾക്കും തുല്യ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന ഭരണഘടനയെ ഉയർത്തി പിടിച്ചാണ് കുഞ്ഞുകുട്ടൻ കഴിഞ്ഞ 27 വർഷമായി ഓട്ടോ ഓടിക്കുന്നത്. കുഞ്ഞുകുട്ടന്റെ വാഹനത്തിന്റെ പേര് ആർട്ടിക്കിൾ 14 എന്നാണ്. നാടാകെ ചർച്ചയാവുകയാണ് ഇപ്പോൾ ഈ പേര്. ഇദ്ദേഹത്തിന്റെ വിശാലമായ കാഴ്ചപ്പാട് തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംകെ പ്രദീപാണ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഈ പൗരത്വ ഭേദഗതി ചർച്ചയായ സമയത്തല്ല ഇദ്ദേഹം ഓട്ടോയ്ക്കും മറ്റ് വാഹനങ്ങൾക്കും ഈ പേരിട്ടത്. പത്താം ക്ലാസ് പഠനം കഴിഞ്ഞപ്പോൾ മനസിലുറപ്പിച്ച ഈ ആർട്ടിക്കിൾ ജീവിതത്തിലോരോ നിമിഷവും നെഞ്ചിലേറ്റുകയായിരുന്നു. ഇന്ത്യക്കാരായ എല്ലാവർക്കും തുല്യത ഉറപ്പു വരുത്തുന്ന ആർട്ടിക്കിൾ 14 ഭാവിയിൽ ഒരു വാഹനം വാങ്ങുകയാണെങ്കിൽ വാഹനത്തിന് നൽകണമെന്നും കുഞ്ഞുകുട്ടൻ തീരുമാനിച്ചു. സിപിഎം പ്രവർത്തകനും ഓട്ടോ ടാക്സി ടെമ്പോവർക്കഴ്സ് ഫെഡറേഷൻ (സിഐടിയു) ഭാരവാഹിയുമാണ് കുഞ്ഞുകുട്ടൻ.
ആർട്ടിക്കിൾ 14 ഇന്ത്യയിൽ ജീവിക്കുന്ന ഒരാൾക്ക് നിയമത്തിന് മുന്നിൽ തുല്യതയും ഇന്ത്യയുടെ പ്രദേശത്തിനകത്ത് തുല്യപരിരക്ഷയും ഉറപ്പു നൽകാനായി വിഭാവനം ചെയ്തതാണ്. ഇതുപ്രകാരം മതം, വംശം, ജാതി, ലിംഗം അല്ലെങ്കിൽ ജനന സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ലായെന്ന് ഇന്ത്യൻ ഭരണഘടന നിഷ്കർഷിക്കുന്നു. രാജ്യത്തെ ജനങ്ങളെ മതത്തിന്റെയും വർഗത്തിന്റെയും പേരിൽ വിഭജിക്കാനും അവകാശങ്ങൾ പോലും നിഷേധിക്കാൻ ഭരണകൂടം തയ്യാറാകുന്ന ഈ കാലത്ത് കുഞ്ഞുകുട്ടനെ പോലുള്ളവർ ജീവിതത്തിലൂടെയാണ് ഇതിനെതിരെ പ്രതിഷേധിക്കുന്നത്.
എംകെ പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പൗരത്വഭേദഗതി നിയമം രാജുത്തെ ജനങ്ങളെയാകെ ഭീതിയിലാഴ്ത്തുകയും പോരാട്ട ഭൂമിയിലേക്കിറക്കുകയും ചെയ്ത വേളയിൽ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ വിശാലമായ കാഴ്ചപ്പാട് നാടൊന്നാകെ ചർച്ച നടത്തി തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഇരുപത്തിയേഴു കൊല്ലത്തിലേറെയായി കുഞ്ഞുകുട്ടന്റെ ഓട്ടോറിക്ഷയുടെ പേര് ആർട്ടിക്കിൾ 14 എന്നാണ് .ആർട്ടിക്കിൾ 14 ഇന്ത്യയിൽ ജീവിക്കുന്ന ഒരാൾക്ക് നിയമത്തിന് മുന്നിൽ തുല്യതയും ഇന്ത്യയുടെ പ്രദേശത്തിനകത്ത് തുല്യപരിരക്ഷയും ഉറപ്പു നൽകുന്നു . ഇതുപ്രകാരം മതം, വംശം, ജാതി, ലിംഗം അല്ലെങ്കിൽ ജനന സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ലായെന്ന് ഇന്ത്യൻ ഭരണഘടന നിഷ്കർഷിക്കുന്നു.
കുഞ്ഞുകുട്ടൻ എസ് എസ് എൽ സി ക്കു പഠിക്കുമ്പോഴാണ് ആർട്ടിക്കിൾ 14 മനസ്സിലുറപ്പിച്ചത് .ഇന്ത്യക്കാരായ എല്ലാവർക്കും തുല്യത ഉറപ്പു വരുത്തുന്ന ആർട്ടിക്കിൾ 14 ഭാവിയിൽ ഒരു വാഹനം വാങ്ങുകയാണെങ്കിൽ വാഹനത്തിന് നൽകണമെന്നും തീരുമാനിച്ചു. പട്ടാമ്പി ഗവ.സംസ്കൃത കോളേജിലെ പ്രീഡിഗ്രി പഠനവും കഴിഞ്ഞ് പുറത്തിറങ്ങി സ്വയം തൊഴിലിന്റെ ഭാഗമായി ഓട്ടോറിക്ഷ വാങ്ങിയപ്പോൾ ഒരു സംശയവുമുണ്ടായില്ല നേരത്തെ കരുതി വെച്ചിരുന്ന ആർട്ടിക്കിൾ 14 എന്ന പേര് പ്രിയ സുഹൃത്തും പിന്നീട് ദേശാഭിമാനിയിലെ ആർട്ടിസ്റ്റുമായിരുന്ന അകാലത്തിൽ വേർപിരിഞ്ഞ വി.പി.സുരേഷാണ് ഓട്ടോയുടെ മുമ്പിലും പിമ്പിലുമെല്ലാം മനോഹരമായി എഴുതിയത് .പിന്നീട് വാങ്ങിയ എല്ലാ വാഹനങ്ങൾക്കും ഇതേ പേരു തന്നെ കൈമാറി. ഇപ്പോൾ ഓടിക്കുന്ന ഓട്ടോറിക്ഷ പത്ത് കൊല്ലത്തിലേറെയായി കൈകളിലെത്തിയിട്ട് ഈ പേര് കാണുന്നവർ എന്താണ് ആർട്ടിക്കിൾ 14 എന്ന് ചോദിച്ചാൽ വിശദമായ മറുപടിയുണ്ട് കുഞ്ഞുകുട്ടന് .പാലക്കാട് ജില്ലയുടെ അതിർത്തിയായ ആനക്കര പഞ്ചായത്തിലെ മേലഴിയതാണ് കുഞ്ഞുകുട്ടൻ കുടുംബസമേതം താമസിക്കുന്നത്- തൊട്ടട്ടത്ത പെരുമ്പലം പള്ളിപ്പടി ജംഗ്ഷനിലാണ് ഓട്ടോ സ്റ്റാന്റ് .സി പി ഐ എം പ്രവർത്തകനായ കുഞ്ഞുകുട്ടൻ ഓട്ടോ ടാക്സി ടെമ്പോവർക്കഴ്സ് ഫെഡറേഷൻ (സി ഐ ടി യു ) ഭാരവാഹിയാണ്.
Discussion about this post