തൃശ്ശൂര്‍: രാജ്യവ്യാപകമായി പൗരത്വ നിയമത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടാകുന്ന അക്രമങ്ങള്‍ സമാധാന അന്തരീക്ഷത്തെ താളം തെറ്റിക്കുന്ന തരത്തിലുമാണ്. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യുകയും
വെടി വയ്ക്കുകയുമാണ് പോലീസിന്റെ നടപടി.
അതേസമയം, നിരവധി സാംസ്കാരിക പ്രവര്‍ത്തകരാണ് പൗരത്വ നിയമ വിഷയത്തില്‍ നിലപാട് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുള്ളത്. ഈ അവസരത്തില്‍ കവിയും ഗാന രചയിതാവുമായ റഫീക്ക് അഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. രാജ്യം കടന്നുപോകുന്ന ഭീകരമായ അവസ്ഥ വ്യക്തമാക്കുകയാണ് അദ്ദേഹം.
”ഇന്ന് ഒരു പൊതു ചടങ്ങില്‍ സംബന്ധിക്കുകയുണ്ടായി. അതിന്റെ അവസാനത്തില്‍ ദേശീയഗാനാലാപനം ഉണ്ടായിരുന്നു. എഴുന്നേറ്റു നിന്നു. രണ്ടു കൊച്ചു കുട്ടികള്‍ വന്ന് ദേശീയ ഗാനം ആലപിച്ചു.
ദേശീയഗാനം ഒരു വെറും പാട്ടല്ല. അര്‍ത്ഥം അറിയും മുന്‍പേ പാടിത്തുടങ്ങിയ ആ ഗാനം നിശ്ചയമായും ഒരു ദു:ഖഗാനമല്ല. എന്നിട്ടും അതു പാടുന്ന കൊച്ചു കുട്ടികളെ നോക്കി നിന്നപ്പോള്‍ സങ്കടം നിറഞ്ഞ ഒരു വിരഹഗാനം കേട്ടാലെന്നതു പോലെ എന്റെ കണ്ണില്‍ കണ്ണീര് നിറഞ്ഞു.
വേര്‍പെടുന്ന ഒരു മഹാ സംസ്കൃതിയെ യാത്രയാക്കുന്ന ചടങ്ങിലാണോ ഞാന്‍ എന്ന ഒരു വിഭ്രാന്തിയില്‍ അകപ്പെട്ടു. ഗംഗാതടത്തിലൂടെ, ഹിമാലയ സാനു ക്കളിലൂടെ, സിന്ധു നദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങളിലൂടെ, തക്ഷശിലയിലൂടെ കുരുക്ഷേത്രത്തിലൂടെ അയോധ്യയിലൂടെ ഞാന്‍ നടന്നു. ഉപനിഷദ് സൂക്തങ്ങളുണരുന്ന ബ്രാഹ്മമുഹൂര്‍ത്തങ്ങള്‍, മന്ത്ര ദ്രഷ്ടാക്കളായ മഹര്‍ഷിമാര്‍.
മുടന്തുന്ന ഒരു ആടിനെ കയ്യിലേന്തി യജ്ഞശാലയിലേക്ക് നടക്കുന്ന ഗൗതമന്, ഒരു വര്‍ഷമേഘത്തെ നോക്കി നില്ക്കുന്ന കാളിദാസന്, ബ്രഹ്മാനന്ദത്തിന്റെ സൗന്ദേര്യോന്മാദത്താല് വശംകെട്ട് നിര്‍വസ്ത്രനായി നൃത്തം ചെയ്യുന്ന പരമഹംസന്, അറബിക്കടല്‍ ഇളക്കി മറിയ്ക്കുന്ന കുഞ്ഞാലി മരയ്ക്കാര്‍, തെരുവിലൂടെ പാടി നടക്കുന്ന കബീര്‍ദാസ് , നിലാവുള്ള രാത്രിയില്‍ പ്രിയതമയുടെ ശവകുടീരത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന ഷാജഹാന്, മക്കളേ എന്നു വിളിച്ച് വെളിച്ചപ്പെടുന്ന ഒരു കോമരം, മുഗളോദ്യാനത്തില്‍ പനിനീരിതളുകള്‍ തലോടി നില്ക്കുന്ന നൂര്ജഹാന്,
ജാലകത്തിലൂടെ മഴ നനഞ്ഞ കല്‍ക്കത്താ നഗരം നോക്കി നില്ക്കുന്ന ബാലനായ ടാഗോര്‍, പാടിപ്പാടി മഴ പെയ്യിക്കുന്ന താന്‍സണ്‍,
അരുവിക്കരയിലെ നീരൊഴുക്കില്‍ നിന്ന് ഒരു ശിലാഖണ്ഡം എടുത്ത് നിവരുന്ന ഗുരു, തൂക്കു കയറിലേക്ക് നടന്നടുക്കുന്ന ഭഗത്സിങ്ങ്, നവാഖലിയിലൂടെ അവശമെങ്കിലും ദൃഢമായ കാല്‍വെയ്പ്പുകളോടെ നടന്നുപോകുന്ന ഗാന്ധിജി, വയലാറില്‍ തല പോയ തെങ്ങുകള്‍ക്കിടയിലൂടെ മുഷ്ടി ചുരുട്ടി ഉദിച്ചുയരുന്ന സൂര്യന്, മനുഷ്യരെ കുത്തിനിറച്ച ഒരു ചരക്കു വണ്ടി, ഭരണഘടനയുടെ അവസാന പുറത്ത് ഒപ്പു ചാര്‍ത്തുന്ന അംബേദ്കര്‍, ഇങ്ങനെ കൃത്യതയില്ലാത്ത, ഇടകലര്‍ന്ന, കുഴമറിഞ്ഞ ഒരു പാട് ചിത്രങ്ങള്‍ കണ്മുന്നിലൂടെ കടന്നു പോയി.
ദേശീയഗാനം തീര്‍ന്നു. കുഞ്ഞുങ്ങളുടെ കൊച്ചു ശിരസ്സുകള്‍ക്കു മീതെ തിളയ്ക്കുന്ന അവ്യാഖ്യേയമായ ഒരു വെയില് വീണു കിടന്നു”.
Discussion about this post