തൃശ്ശൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശബ്ദമുയർത്തിയ സൗരവ് ഗാംഗുലിയുടെ മകളെ പ്രകീർത്തിച്ച് സിപിഎം നേതാവ് എംബി രാജേഷ്. വിഷയത്തിൽ സൗരവ് ഗാംഗുലിയുടെ നിലപാടിനെ വിമർശിച്ചാണ് മകൾ സന ഗാംഗുലിക്ക് എംബി രാജേഷ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്. നേരത്തെ പതിനെട്ടുകാരിയായ സന ഗാംഗുലി ഖുഷ്വന്ത് സിങ്ങിന്റെ പുസ്തകം ഉദ്ധരിച്ചു കൊണ്ടാണ് സോഷ്യൽമീഡിയയിലൂടെ പുതുക്കിയ പൗരത്വ നിയമത്തെ വിമർശിച്ചത്. എന്നാൽ, മകൾ കുഞ്ഞാണെന്നും പ്രതികരിക്കാൻ പ്രായമായില്ലെന്നും തിരുത്തി പിന്നാലെ ഗാംഗുലിയും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
അതേസമയം, ഗാംഗുലിയോടുള്ള ഇഷ്ടം അവശേഷിക്കുന്നത് ധീരയായ സനയുടെ അച്ഛനെന്ന നിലയിൽ മാത്രമാണെന്ന് എംബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ചു. ഗാംഗുലി ഇപ്പോൾ അധികാരത്തിന്റെ ക്രീസിൽ തളച്ചിടപ്പെട്ടിരിക്കുന്നു. പക്ഷേ പതിനെട്ടുകാരി മകൾ ചീറിപ്പാഞ്ഞു വന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ധാർഷ്ട്യത്തെ തൂക്കിയടിച്ചിരിക്കുന്നുവെന്നും മകൾ അച്ഛനേക്കാൾ ധീരതയും വിവേകവും സത്യസന്ധതയും പുലർത്തുന്നുവെന്നും എംബി രാജേഷ് പോസ്റ്റിൽ പറയുന്നു.
എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്:
സൗരവ് ഗാംഗുലി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട, എന്റെ ഹൃദയം കവർന്ന ഇന്ത്യൻ ക്രിക്കറ്ററായിരുന്നു.എന്നാൽ BCCl പ്രസിഡൻറ് പദവിക്കായി ഉപജാപങ്ങളുടെ ഭാഗമായ ഗാംഗുലി എന്നെ നിരാശനാക്കി.എന്നാൽ ഇന്ന് ഗാംഗുലിയുടെ മകൾ സന അവളുടെ ധീരമായ നിലപാട് കൊണ്ട് എന്റെ ഹൃദയം കവരുന്നു. ഖുഷ്വന്ത് സിങ്ങിന്റെ പുസ്തകം ഉദ്ധരിച്ചു കൊണ്ടാണ് സന ഇന്ത്യക്ക് അന്ത്യം കുറിക്കാനുള്ള സംഘ പരിവാറിന്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചത്. കളിക്കുന്ന കാലത്ത് ഗാംഗുലി ക്രീസിൽ നിന്ന് ചാടിയിറങ്ങി ബാറ്റ് വീശിയാൽ പന്ത് ഗ്യാലറിയിൽ നോക്കിയാൽ മതിയായിരുന്നു. ക്രീസ് വിട്ടിറങ്ങി ആഞ്ഞടിച്ച ആ കാലം പിന്നിട്ട ഗാംഗുലി ഇപ്പോൾ അധികാരത്തിന്റെ ക്രീസിൽ തളച്ചിടപ്പെട്ടിരിക്കുന്നു. പക്ഷേ പതിനെട്ടുകാരി മകൾ ചീറിപ്പാഞ്ഞു വന്ന ഫാസിസ്റ്റ് രാഷട്രീയത്തിന്റെ ധാർഷ്ട്യത്തെ തൂക്കിയടിച്ചിരിക്കുന്നു. പഴയ ഗാംഗുലി യെപ്പോലെ. മനോഹരമായ കവർ ഡ്രൈവുകളും സ്‌ക്വയർ കട്ടുകളും കളിച്ചിരുന്ന ഗാംഗുലിയെക്കുറിച്ച് ഒരിക്കൽ രാഹുൽ ദ്രാവിഡാണ് പറഞ്ഞത് ഓഫ് സൈഡിൽ ദൈവം കഴിഞ്ഞാൽ പിന്നെ ഗാംഗുലിയേയുള്ളൂവെന്ന്. എന്നാൽ ഈ നിർണ്ണായക ചരിത്ര സന്ദർഭത്തിൽ നീതിയുടെ പക്ഷത്ത്, പൊരുതുന്ന മനുഷ്യരുടെ പക്ഷത്ത് ഗാംഗുലിയില്ല. പക്ഷേമകൾ സന അവർക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. വിഖ്യാതമായ ലോർഡ്‌സിലെ മൈതാനത്ത് ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന്റെ ആഹ്ലാദം ഷർട്ടൂരി വീശി പ്രകടിപ്പിച്ച അന്നത്തെ റിബൽ ഇന്ന് മകളോട് അഭിപ്രായം പറയരുതെന്ന് വിലക്കുമ്പോൾ അവൾ റിബലായി നിലപാട് ഉറക്കെ പറയുന്നു. മകൾ അഛനേക്കാൾ ധീരതയും വിവേകവും സത്യസന്ധതയും പുലർത്തുന്നു. ഇപ്പോൾ എനിക്ക് ഗാംഗുലിയോടുള്ള ഇഷ്ടം അവശേഷിക്കുന്നത് ധീരയായ സനയുടെ അഛനെന്ന നിലയിൽ മാത്രമാണ് .
Discussion about this post