തിരുവനന്തപുരം; പൗരത്വ നിയമത്തിന് എതിരെ പ്രതിഷേധം നടത്തിയ ജനനേതാക്കയും ജനങ്ങളെയും അറസ്റ്റ് ചെയ്ത് നീക്കിയ നടപടിയില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനനേതാക്കളെയും ജനങ്ങളെയും തടവിലിട്ടും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യപ്രതിഷേധം ഇല്ലാതാക്കാമെന്നു കേന്ദ്ര ഭരണ നേതൃത്വം വ്യാമോഹിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അടിയന്തരാവസ്ഥയില്‍ പോലും ഇല്ലാതിരുന്ന അമിതാധികാര പ്രവണതയാണ് എന്‍ഡിഎ സര്‍ക്കാര്‍ കാണിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ മാര്‍ച്ചിനെത്തിയ യോഗേന്ദ്ര യാദവ്, സീതാറാം യെച്ചൂരി, ഡി രാജ അടക്കം പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി വിമര്‍ശനം ഉയര്‍ത്തിയത്.
ഫേസ്ബുക്ക് പോസ്റ്റ്:
ജനനേതാക്കളെയും ജനങ്ങളെയും തടവിലിട്ടും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യപ്രതിഷേധം ഇല്ലാതാക്കാമെന്നു കേന്ദ്ര ഭരണ നേതൃത്വം വ്യാമോഹിക്കരുത്. അടിയന്തരാവസ്ഥയില്‍ പോലും ഇല്ലാതിരുന്ന അമിതാധികാര പ്രവണതയാണ് എന്‍ഡിഎ സര്‍ക്കാര്‍ കാണിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് ഇടത് പാര്‍ട്ടികളും ജാമിയ മിലിയ വിദ്യാര്‍ഥികളും നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ചത് ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്. ഇപ്പോള്‍ ഇടതുപക്ഷ പാര്‍ട്ടി നേതാക്കളെ അറസ്റ്റു ചെയ്തിരിക്കുന്നു. സമരം ചെയ്യുന്നവരെയാക്കെ അറസ്റ്റ് ചെയ്യുന്നു. ഭീഷണിപ്പെടുത്തുന്നു. രാജ്യ തലസ്ഥാനത്തു പോലും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തുന്നു.
ഭയപ്പെടുത്തി ഇല്ലാതാക്കാവുന്നതാണ് ജനങ്ങളുടെ രോഷം എന്ന് കരുതുന്നത് മൗഢ്യമാണ്. രാജ്യത്തെ സുപ്രധാന സര്‍വ്വകലാശാലകളെയും വിദ്യാര്‍ത്ഥികളെയും ആക്രമിക്കുന്നത് അവസാനിപ്പിക്കണം. ഭരണഘടനാ മൂല്യങ്ങളെയും പൗരാവകാശങ്ങളെയും ചവിട്ടിത്തേച്ചു മുന്നോട്ടു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കരുത്. നിരോധനാജ്ഞയും യാത്രാസൗകര്യനിഷേധവും അറസ്റ്റും കസ്റ്റഡിയും അടിച്ചമര്‍ത്തലും കൊണ്ട് ഒരു ജനകീയ പ്രക്ഷോഭവും തോറ്റു പോയ ചരിത്രമില്ല. രാജ്യത്താകെ ഉയരുന്ന പ്രതിഷേധത്തെ പഴമുറം കൊണ്ട് മൂടിവെക്കാന്‍ വൃഥാ ശ്രമിക്കുന്നതിനു പകരം തെറ്റായ നിയമ നിര്‍മ്മാണം ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം.
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട് , സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരടക്കമുള്ള നേതാക്കളെ ഡല്‍ഹിയിലും ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ ബംഗളൂരുവിലും കസ്റ്റഡിയിലെടുത്തതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ഭരണഘടനാ മൂല്യങ്ങളെ കശാപ്പു ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളും രോഷവും ഇന്ത്യന്‍ ജനതയുടെ വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സ്വാതന്ത്ര്യവും മത നിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാന്‍ ത്യാഗസന്നദ്ധരായി മുന്നോട്ടു വരുന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. ആ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള കിരാത നടപടികള്‍ക്കെതിരെ ശക്തമായ ജനവികാരം ഉയരേണ്ടതുണ്ട്. മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനുള്ള ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തില്‍ മുന്നില്‍ തന്നെയുണ്ടാകും എന്നാണു യോജിച്ച പ്രതികരണ വേദി ഒരുക്കി കേരളം പ്രഖ്യാപിച്ചത്. ഒരു ശക്തിക്കും കവര്‍ന്നെടുക്കാനുള്ളതല്ല നമ്മുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍
Discussion about this post