കട്ടപ്പന: ഇതര സംസ്ഥാന തൊഴിലാളികളെ ബോധവത്കരിച്ച് അവരെ തൊഴിലിടങ്ങൾക്ക് ചേർന്നവരാക്കി മാറ്റാൻ ഭായിമാരുടെ കൂട്ടായ്മ. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ കുറ്റകൃത്യങ്ങൾ വർധിച്ചതോടെയാണ് അവരെ ബോധവത്കരിക്കാൻ ‘ഭായി’മാരുടെ തന്നെ കൂട്ടായ്മ രംഗത്തെത്തിയിരിക്കുന്നത്. കട്ടപ്പന നഗരസഭ പരിധിയിലും സമീപ പഞ്ചായത്തുകളിലും ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് നഗരസഭ മിനി സ്റ്റേഡിയത്തിൽ യോഗം ചേർന്നത്.
ഹിന്ദി കാരി വർക്കേഴ്സ് മീറ്റിങ് എന്ന പേരിൽ സംഘടിപ്പിച്ച യോഗത്തിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. വണ്ടൻമേട് രാജാക്കണ്ടത്ത് എസ്റ്റേറ്റ് തൊഴിലാളിയായ ഡേവിസ് എന്ന അസം സ്വദേശിയാണ് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയത്. ഹിന്ദി, ബംഗാളി, ആസാമീസ് തുടങ്ങിയ ഭാഷകളിലാണ് ബോധവൽക്കരണം നടത്തിയത്.
നമ്മൾ ഇവിടെ ജോലി ചെയ്യാനാണ് എത്തിയിരിക്കുന്നത്. ഇവിടുത്തെ നിയമം നമുക്കും ബാധകമാണ്. ഇവിടെ സ്വന്തം നാടുപോലെ ശുചിയായി സൂക്ഷിക്കുകയും വേണമെന്ന് കൂട്ടായ്മ ഓരോ തൊഴിലാളിയേയും ഓർമ്മിപ്പിക്കുന്നു. മദ്യലഹരിയിലുണ്ടാകുന്ന അക്രമങ്ങൾ നമുക്കിടയിൽ വർധിച്ചുവരുന്നുണ്ടെന്നും ഞായറാഴ്ചകളിൽ എത്തുന്നവർ വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിൽ കിടക്കുകയോ വൃത്തിഹീനമാക്കുകയോ ചെയ്യരുതെന്നും മറ്റുള്ളവർക്ക് ബുദ്ധുമുട്ടുണ്ടാക്കുമെന്നും സംഘാടകർ യോഗത്തിനെത്തിയവരെ ഉപദേശിച്ചു.
Discussion about this post