കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം കോടതി തള്ളി. കൂട്ടുപ്രതികള്‍ക്കൊപ്പം മാത്രമേ ദിലീപിന് ദൃശ്യങ്ങള്‍ കാണാന്‍ അനുവാദം നല്‍കൂ എന്ന് കോടതി വ്യക്തമാക്കി.
കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ കൂട്ടുപ്രതികള്‍ക്കൊപ്പം കാണാന്‍ കോടതി നേരത്തെ ദിലീപിന് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ കൂട്ടുപ്രതികള്‍ക്കൊപ്പം കാണേണ്ടെന്നും, ഒറ്റയ്ക്ക് കാണാന്‍ അനുവദിക്കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. ഈ ആവശ്യമാണ് കോടതി തള്ളിയത്.
അതെസമയം ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിനോ, അഭിഭാഷകനോ, ചുമതലപ്പെടുത്തുന്ന സാങ്കേതിക വിദഗ്ധനോ കാണാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപ് എത്തില്ലെന്നാണ് സൂചന. പകരം ദിലീപിന്റെ അഭിഭാഷകനും സാങ്കേതിക വിദഗ്ധനുമാണ് പരിശോധിക്കുക. മുംബൈ സ്വദേശിയായ സാങ്കേതിക വിദഗ്ധനാണ് ദൃശ്യം പരിശോധിക്കാന്‍ ദിലീപ് നിയോഗിച്ചിട്ടുള്ളത്. ജഡ്ജിക്കൊപ്പം ഇരുന്നാകും പ്രതികളും അഭിഭാഷകരും ദൃശ്യങ്ങള്‍ പരിശോധിക്കുക.
ദിലീപിനുപുറമേ സുനില്‍കുമാര്‍ (പള്‍സര്‍), മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവരാണ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്.
Discussion about this post