കൊല്ലം: പാചകം ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടി തെറിച്ചു. ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പുനലൂരില്‍ വെള്ളിമല ചെറുത്തന്നൂര് റിസ്വാന് മന്‍സിലില്‍ സജീര്‍ഖാനും ഭാര്യ ഷിബിനയുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. പൊട്ടിത്തെറിയില്‍ വീടിന്റെ അടുക്കളയുടെ മുകള്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു.
കുട്ടികളെ സ്കൂളില്‍ വിട്ട് പത്തു മിനിട്ടിനു ശേഷമാണ് അപകടം സംഭവിച്ചത്. വീട്ടില്‍ ഷിബിനയും സജീര്‍ഖാനും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടറിന്റെ റെഗുലേറ്ററില്‍ തീ പടരുകയായിരുന്നു. ഇത് കണ്ട ഷിബിന തുണി കൊണ്ടി തീ അണയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ തീ കൂടുതല്‍ വ്യാപിച്ചു.
അപകടം സംഭവിക്കാന്‍ പോകുകയാണെന്ന് മനസ്സിലാക്കിയപ്പോള്‍ അടുക്കളയില്‍ നിന്നും ഭര്‍ത്താവിനെയും വലിച്ച് കൊണ്ട് പുറത്തേക്കു ഓടുകയായിരുന്നുവെന്ന് ഷിബിന പറയുന്നു. ഇരുവരും പുറത്തു പോയി കൃത്യം ഏഴു മിനിറ്റിനുള്ളില്‍ സിലിണ്ടര്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ കേള്‍ക്കത്തക്ക ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
തലനാരിഴയ്ക്കാണ് ദമ്പതികള്‍ വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. സംഭവത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത രണ്ട് നില വീടിന്റെ അടുക്കളയുടെ മുകള്‍ ഭാഗം പൊട്ടി ചിതറി. വര്‍ക്ക് ഏരിയ തകര്‍ന്നു. ഗൃഹോപകരണങ്ങളും കത്തി നശിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഫയര്‍ ഫോഴ്സും ബോംബ് സ്ക്വാഡും പരിശോധന നടത്തി.
Discussion about this post