കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പരാമര്‍ശം ഉന്നയിച്ച നടന് ടിനി ടോമിനെതിരെ വിമര്‍ശനവുമായി ബിജെപി പ്രവര്‍ത്തകനായ ശ്രീജിത്ത് പന്തളം. ഫോണ്‍ വിളിച്ചാണ് താരത്തിനെതിരെ ശ്രീജിത്ത് വിമര്‍ശിച്ചത്. സംഭവത്തിന്റെ ഓഡിയോയും ശ്രീജിത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്ത് ഉദ്ദേശിച്ചാണ് നിങ്ങള്‍ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടത്. സംഭവത്തില്‍ നിങ്ങള്‍ ന്യായീകരിച്ചിട്ടും കാര്യമില്ല, നിങ്ങളെ കോടതി കയറ്റുമെന്നും ശ്രീജിത്ത് ഓഡിയോയില്‍ പറയുന്നുണ്ട്.
ടിനിയുടെ മനസ്സിലെ ദുരുദ്ദേശമാണ് ഇതെന്നും ശ്രീജിത്ത് ആരോപിക്കുന്നു. താന്‍ ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്നും തീവ്രവാദിയല്ലെന്നും ടിനി തിരിച്ചു പറയുന്നുണ്ട്. എന്നാല്‍ ടിനിയുടെ വാക്കുകളെ കേള്‍ക്കാന്‍ പോലും ശ്രീജിത്ത് പന്തളം കൂട്ടാക്കുന്നില്ല. നിര്‍ത്താതെ വിമര്‍ശനം തൊടുക്കുകയാണ്. താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ഇല്ലാത്ത ആളാണെന്നും ദയവായി വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും ടിനി ടോം പറയുന്നുണ്ടെങ്കിലും ശ്രീജിത്ത് അത് ചെവികൊള്ളുന്നതേയില്ല.
ടിനിയെ കൂടാതെ ഈ വിഷയത്തില്‍ കേന്ദ്രഗവണ്മെന്റിനെ വിമര്‍ശിച്ച പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും മറ്റ് സിനിമാ താരങ്ങളെയും ശ്രീജിത്ത് വിമര്‍ശിക്കുന്നുണ്ട്. സിനിമക്കാര്‍ പ്രശസ്തിക്ക് വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നതെന്നും ശ്രീജിത്ത് ആരോപിച്ചു. പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ടിനി ടോം ഒരു ചിത്രം പങ്കുവച്ചിരുന്നു. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകള്‍ ആക്രമിച്ച് കൊന്ന കഥയായിരുന്നു കുറിപ്പില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് ടിനി തടിയൂരിയിരുന്നു. പോസ്റ്റ് പിന്‍വലിച്ചെന്നും തനിക്കു തെറ്റുപറ്റിയതാണെന്നും ടിനി ടോം പിന്നീട് പറഞ്ഞു. ഇതിനു പിന്നാലെയാണ് വിമര്‍ശനവുമായി ശ്രീജിത്ത് എത്തിയിരിക്കുന്നത്.
Discussion about this post