തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ കക്ഷി രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രന്‍. കക്ഷി രാഷ്ട്രീയത്തിന് അപ്പുറമുള്ള പ്രശ്‌നമാണിത്. തുടര്‍ സമരങ്ങളുമായി യുഡിഎഫ് സഹകരിക്കണം. സമരങ്ങളുമായി യുഡിഎഫ് സഹകരിക്കില്ലെന്ന നിലപാട് ശരിയല്ലെന്നും കാനം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണപ്രതിപക്ഷ കക്ഷികള്‍ സംയുക്ത പ്രതിഷേധം നടത്തിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഇടതുപക്ഷവുമായി ചേര്‍ന്ന് നടത്തിയ സമരത്തെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ രംഗത്ത് വന്നിരുന്നു.
ദേശീയതലത്തില്‍ ഫാസിസ്റ്റ് ശക്തികളെ ശക്തമായി പ്രതിരോധിക്കുന്ന പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണെന്നും ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പോരാട്ടങ്ങളില്‍ നിന്ന് കേരളത്തിലെ സിപിഎം നാളിതുവരെ ഒളിച്ചോടുകയായിരുന്നെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം.
ഇടതുപക്ഷവുമായി ചേര്‍ന്ന് ഒരു സമരത്തിനും കോണ്‍ഗ്രസ് ഇനി തയ്യാറല്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
മുല്ലപ്പള്ളിയുടെ ഈ പരാമര്‍ശത്തിന് മറുപടി എന്നവണ്ണമാണ് കാനത്തിന്റെ പ്രസ്താവന.
അതെസമയം സംയുക്ത സമരത്തെ ചൊല്ലി യുഡിഎഫില്‍ ഭിന്നത രൂക്ഷമാവുകയാണ്.സര്‍ക്കാരിനൊപ്പം സമരത്തിനില്ലെന്ന കോണ്‍ഗ്രസിന്റെ വാദത്തെ തള്ളി മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു. സംയുക്ത സമരം ഇനിയുമാകാമെന്നാണ് ലീഗ് നിലപാടെന്നും പൗരത്വ ബില്ലിനെതിരെ കേരളം ഒറ്റക്കെട്ടാണെന്നാണ് സംയുക്തസമരത്തിലൂടെ വ്യക്തമാകുന്നതെന്നും ലീഗ് നേതാക്കള്‍ പ്രതികരിച്ചു.