കൊച്ചി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതികരണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമ്പോള്‍ കേരളത്തിലെ ഒരു മുസ്ലീം സഹോദരനെങ്കിലും പോറലേറ്റാല്‍ അവര്‍ക്കായി വാദിക്കാന്‍ താന്‍ മുന്നിലുണ്ടാകുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
മുസ്ലീങ്ങളുടെ പൗരത്വം ചോദ്യം ചെയ്യും , നിലനില്‍പ്പ് അപകടത്തിലാവും , അവര്‍ക്ക് കേരളത്തില്‍ താമസിക്കാന്‍ കഴിയാത്ത സ്ഥിതിവരും തുടങ്ങിയ പ്രചരണങ്ങള്‍ യാഥാര്‍ത്ഥ്യമെങ്കില്‍ അവര്‍ക്കുവേണ്ടി പൊരുതുമെന്നാണ് കുമ്മനം പറഞ്ഞത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തി.
സിപിഎമ്മും കോണ്‍ഗ്രസും മതപരമായ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഭാരതത്തെ ശിഥിലമാക്കാന്‍ വൈദേശിക ഗൂഢാലോചന നടക്കുന്നുണ്ട്. ആ ഗുഢാലോചനയുടെ കരുക്കളാകാന്‍ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ശ്രമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പൗരത്വനിയമം സംബന്ധിച്ച് പരസ്യ സംവാദത്തിന് തയാറുണ്ടോയെന്നും കുമ്മനം ചോദിച്ചു.
കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ടത്താപ്പാണെന്നും കുമ്മനം കുറ്റപ്പെടുത്തി. ഭരണഘടന തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്നാണ് പറയുന്നത്. ശബരിമല വിധിവന്നപ്പോള്‍ വിധി നടപ്പാക്കുന്നത് ഭരണഘടനാപരമായ ബാധ്യതയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയുന്നത് ജനാധാപത്യത്തോടുള്ള വെല്ലുവിളിയാണെന്നും കുമ്മനം പറഞ്ഞു.