കൊച്ചി; പരിശോധനയ്ക്കിടെ ഡോക്ടര്‍ ക്ലാസ് എടുക്കാന്‍ പോയതിന്റെ ദേഷ്യത്തില്‍ മറ്റുള്ള ഡോക്ടര്‍മാരെ മുറിയില്‍ പൂട്ടിയിട്ട യുവാവ് അറസ്റ്റില്‍. എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലായിരുന്നു സംഭവം. പിതാവിനെ ഡോക്ടറെ കാണിക്കാനായി എത്തിയ എടത്തല ദാറുസ്സലാം വീട്ടില്‍ മുജീബ് റഹ്മാനാണ്(32) അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
പിതാവിനെ ശ്വാസകോശ വിഭാഗത്തില്‍ കാണിക്കാന്‍ എത്തിയതായിരുന്നു മുജീബ്. ഈ സമയം ഡോക്ടര്‍ മേധാവി ജി മല്ലന്, ഡോ എബ്രഹാം കോശി എന്നിവരാണ് രോഗികളെ പരിശോധിക്കുന്നുണ്ടായിരുന്നത്. എന്നാല്‍ ഒരു മണി ആയതോടെ ഡോക്ടര്‍ മല്ലന് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുക്കാന്‍ പോയി. ഡോക്ടറെ കാണാനായി മണിക്കൂറുകളോളം ക്യൂവില്‍ നിന്ന മുജീബ് മറ്റു ഡോക്ടര്‍മാരോട് വിവരം അന്വേഷിച്ചു.
രോഗികളെ പരിശോധിക്കുന്നതിനിടയില്‍ ക്ലാസെടുക്കാന്‍ പോയത് ശരിയല്ല എന്നു പറഞ്ഞ് ഇയാള്‍ ബഹളം വെച്ചു. ടൈംടേബിള്‍ അനുസരിച്ചാണ് ക്ലാസെന്നും രോഗിയെ തങ്ങള്‍ പരിശോധിക്കാമെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും മുജീബ് ഇത് കേള്‍ക്കാന്‍ തയ്യാറായില്ല. ക്യൂവിലുണ്ടായിരുന്ന രോഗികളെ മുഴുവന്‍ പരിശോധിച്ച ശേഷം പുറത്തിറങ്ങാന്‍ തുടങ്ങിയ ഡോക്ടര്‍മാരെ അകത്താക്കി ഇയാള്‍ വാതില്‍ അടക്കുകയായിരുന്നു.
വാതില്‍ കുറ്റിയിട്ട ശേഷം അടുത്തുണ്ടായിരുന്ന മേശ വലിച്ചിട്ട് മുജീബ് അതില്‍ കയറിയിരുന്നു. ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഡോക്ടര്‍മാരുടെ ഔദ്യോഗിക ഡ്യൂട്ടിക്ക് തടസമുണ്ടാക്കിയതിനും ഡോക്ടര്‍മാരെ പൂട്ടിയിട്ടതിനും ഇയാള്‍ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.
Discussion about this post